കേരളത്തിന്റെ ക്രമസമാധാനത്തില്‍ ഭരണഘടനാപരമായി ഇടപെടുമെന്ന ഭീഷണിയുമായി മോഡി സര്‍ക്കാര്‍

കേരളത്തിന്റെ ക്രമസമാധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍.ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിജെപി കേന്ദ്ര ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ പാര്‍ട്ടി വക്താവ് ജിവിഎല്‍ നരസിംഹ റാവുവാണ് സംസ്ഥാന സര്‍ക്കാറിന് ഇത്തരമൊരു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ ഫെഡറല്‍ സംവിധാനം അനുസരിച്ച് ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ കീഴിലുള്ള വിഷയമാണ്. എന്നാല്‍ കേരളത്തില്‍ ബിജെപിക്കെതിരെ അക്രമം തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനത്തില്‍ ഇടപെടാനുള്ള ഭരണഘടനാ പരമായ സാധ്യതകള്‍ പരിശോധിക്കുമെന്നാണ് നരസിംഹ റാവുവിന്റെ ഭീഷണി.
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയുമെന്ന് നവംബര്‍ അവസാനം കേരള മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷവും കേരളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമണങ്ങള്‍ തുടരുകയാണ്. സിപിഎം അതിക്രമത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിമലയുടേതാണ് ഏറ്റവുമൊടുവിലത്തെ കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.

ഈ സംഭവത്തിനു മുമ്പ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാഹനം ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. അതിനു കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായ സാധ്യതകള്‍ ആരായുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് കഴിഞ്ഞദിവസം നാലു ബിജെപി നേതാക്കള്‍ക്ക് കേന്ദ്രസുരക്ഷ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു ഭീഷണിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഓരോരുത്തര്‍ക്കും സുരക്ഷക്കായി 12 സിആര്‍പിഎഫ് ഭടന്മാരെ നിയോഗിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *