കേരളം അതിരൂക്ഷ വരള്‍ച്ചയിലേക്ക് : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം അതിരൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ജനകീയ മുന്നേറ്റം വേണം. നെല്‍‌വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിലെ വീഴ്ചകള്‍ തിരുത്തി ആവശ്യമായ നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ കേരളത്തിന്റെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായി. മിത ശീതോഷ്ണത്തിന് പകരം കൊടും ചൂടും കാലം തെറ്റിയ ഇടവിട്ടുള്ള മഴയും സൂര്യാഘാതവും ചേര്‍ന്ന് തീക്ഷ്ണ കാലാവസ്ഥയിലേക്ക് കേരളം ചെന്നെത്തി. ഈ സ്ഥിതി അതീവ ഗുരുതരമാണ്. ജനകീയ മുന്നേറ്റത്തോടെ മണ്ണും വെള്ളവും സംരക്ഷിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം – മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് വര്‍ഷം മുമ്പ് ശരാശരി 30 – 32 ഡിഗ്രിയായിരുന്നു കൂടിയ ചൂട്. ഇപ്പോഴിത് 40 ഡിഗ്രി സെല്‍‌ഷ്യസിന് മുകളിലെത്തി. കാര്‍ഷിക ഉത്പാദനത്തിനെയും മത്സ്യ സമ്പത്തിനെയുമാണ് കാലാവസ്ഥാ മാറ്റം ഏറെ ബാധിച്ചത്. കുടിവെള്ള ക്ഷാമം നേരിടാന്‍ മഴക്കുഴികളടക്കം നിര്‍മ്മിക്കുന്ന പരിപാടികള്‍ ഊര്‍ജിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *