സക്കീറിനെ കുടുക്കാൻ ഇന്റർപോളിന്റെ സഹായം തേടുമെന്ന് സൂചന


വിവാദ മുസ്ലീം മത പ്രഭാഷകൻ സക്കീർ നായിക്കിനെ അറസ്റ്റ് ചെയ്യാൻ ഇന്ത്യ ഇന്റർപോളിന്റെ സഹായം തേടുമെന്ന് സൂചന. സക്കീറിനെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.


രാജ്യത്തിനകത്തും പുറത്തും തന്റെ പ്രഭാഷണങ്ങളിലൂടെ മുസ്ലീം യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന കുറ്റമാണ് ഇയാൾക്കെതിരെ രാജ്യത്ത് നില നിൽക്കുന്നത്. ബംഗ്ലാദേശിലെ ധാക്കയിലെ കഫേയിലുണ്ടായ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച ഭീകരർ സക്കീറിന്റെ പ്രഭാഷണങ്ങളിൽ പ്രചോദരായിരുന്നു എന്ന് തെളിഞ്ഞിരുന്നു.


ഇതിനു പുറമെ ഹൈദരാബാദിൽ അറസ്റ്റിലായ ഐഎസ് അനുഭാവികളായ യുവാക്കളെയും ഭീകരതയിലേക്ക് ആകർഷിച്ചത് സക്കീറിന്റെ പ്രസംഗങ്ങളായിരുന്നു എന്ന് എൻഐഎ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സക്കീറിന്റെ പീസ് ടിവിയും ഇസ്ലാമിക് പീസ് റിസര്‍ച്ച്‌ ഫൗണ്ടേന്‍ തുടങ്ങിയവയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികളെടുത്തിരുന്നു.

എന്നാൽ ഇപ്പോൾ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ സക്കീറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി ഇന്റര്‍പോളിനെ സമീപിക്കാനുമാണ് എന്‍ഐഎ തീരുമാനം.



Sharing is Caring