സഹകരണ സമരത്തില്‍ സഹകരിക്കാന്‍ യുഡി‌എഫില്‍ ധാരണ


തിരുവനന്തപുരം: സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി യോജിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫില്‍ ധാരണയായി. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച തുടങ്ങുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കാന്‍ പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു.


അഞ്ച് തീരുമാനങ്ങളാണ് മുന്നണിയോഗം കൈകൊണ്ടതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷി സംഘത്തോടൊപ്പം കേന്ദ്ര സര്‍ക്കാരിനെ കണ്ട് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അറിയിക്കും. കേന്ദ്ര സര്‍ക്കാരിനെ കണ്ട ശേഷവും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ യോജിച്ച് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.


കേരളത്തിലെ ഗ്രാമീണ മേഖല പൂര്‍ണമായും സഹകരണ മേഖലയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനാല്‍ ഈ മേഖലയിലെ പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.



Sharing is Caring