കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍; നാലില്‍ ഒന്ന് സര്‍വ്വീസുകള്‍ മുടങ്ങിയേക്കും; ഇന്നലെ മുടങ്ങിയത് 815 സര്‍വ്വീസുകള്‍

തിരുവനന്തപുരം: താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. സംസ്ഥാനത്ത് ഇന്ന് നാലില്‍ ഒരു സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. മുഴുവന്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടതായി കെഎസ്ആര്‍ടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

കെഎസ്ആര്‍ടിസി, എംഡിയാകും കോടതിയില്‍ സത്യവാങ്!മൂലം സമര്‍പ്പിക്കുക. പിരിച്ചുവിട്ടില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുളളവരെ തെറിപ്പിക്കുമെന്ന് കോടതി ഇന്നലെ മുന്നറിപ്പ് നല്‍കിയിരുന്നു. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ ഇന്ന് വാദം കേട്ടേക്കും.

ഇന്നലെ തിരുവനന്തപുരം മേഖലയില്‍ 300 സര്‍വ്വീസുകള്‍ മുടങ്ങിയപ്പോള്‍, എറണാകുളം മേഖലയില്‍ 360 സര്‍വീസും, മലബാര്‍ മേഖലയില്‍ 155 സര്‍വ്വീസും മുടങ്ങി. കെഎസ്ആര്‍ടിസിക്കെതിരെ ഇന്നലെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ഹൈക്കോടതി ഇന്ന് മുതല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

വെറുതേ സമയം നീട്ടിക്കൊണ്ടുപോവുകയാണോ എന്നാണ് കോടതി, കെഎസ്ആര്‍ടിസിയോട് ചോദിച്ചത്. പിഎസ് സി നിയമിച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ ഇനി നടപടി വൈകിയാല്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്ആര്‍ടിസി അറിയിച്ചു. അത് പോരെന്നും കെഎസ്ആര്‍ടിസി എംഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എംഡി കോടതിയില്‍ നേരിട്ടെത്തി സത്യവാങ്മൂലം നല്‍കുക.

അതേസമയം ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ഇന്നലെ പറഞ്ഞ എംഡി ടോമിന്‍ തച്ചങ്കരി, ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. 8000 സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *