തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ നേരിട്ട് ഇടപെട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ അധികാരത്തിലേറിയതിനു പിന്നാലെ കര്‍ഷക വായ്പ എഴുതിത്തള്ളിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഉയര്‍ത്തിക്കാട്ടി ഹിന്ദി ഹൃദയഭൂമിയിലെ കര്‍ഷകരുടെ മനസ്സു കീഴടക്കാന്‍ കോണ്‍ഗ്രസ് നീക്കം. രാജസ്ഥാനിലും ഛത്തീസ്ഗഡിലും വരും ദിവസങ്ങളില്‍ വായ്പ എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ചതിലൂടെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കുന്ന സന്ദേശം വ്യക്തം – നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വോട്ട് ചോരാതിരിക്കാനുള്ള തീരുമാനങ്ങളിലേക്കു കോണ്‍ഗ്രസ് കടക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ നേരിട്ടു നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ മുഖ്യമന്ത്രിമാര്‍ക്കു രാഹുല്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. വാക്കു പറഞ്ഞാല്‍ നടപ്പാക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ് എന്ന സന്ദേശം വോട്ടര്‍മാര്‍ക്കു നല്‍കാന്‍ ഇതിലും മികച്ച അവസരമില്ലെന്നാണു രാഹുലിന്റെ നിലപാട്. വായ്പ എഴുതിത്തള്ളുക എന്ന വാഗ്ദാനം പൊതു തിരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ മുഖ്യ വാഗ്ദാനങ്ങളിലൊന്നാവും. നോട്ട് നിരോധനം മൂലം കര്‍ഷകര്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂപം കൊണ്ട വികാരം പരമാവധി മുതലാക്കാനുള്ള രാഷ്ട്രീയ തന്ത്രമാകും കോണ്‍ഗ്രസ് പയറ്റുക. തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ഷകരുമായി നേരിട്ടു സംവദിച്ച്‌ അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു 100 ദിവസം മുന്‍പ് പ്രകടനപത്രിക പുറത്തിറക്കലാണു പാര്‍ട്ടിയുടെ ലക്ഷ്യം.

രാജസ്ഥാനില്‍ അശോക് ഗെലോട്ട്, മധ്യപ്രദേശില്‍ കമല്‍നാഥ്, ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍ എന്നിവരുടെ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനം കൂടിയായി. രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനുമൊപ്പം ഒരു ഡസനിലേറെ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ മൂന്നിടങ്ങളിലുമായി ചടങ്ങുകള്‍ക്കെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *