കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകര്‍ ആവേശത്തില്‍; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വന്‍ പങ്കാളിത്തം

കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടിയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ആവേശത്തിലായിരിക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ നടന്ന എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരളാ കോണ്‍ഗ്രസ് എമ്മിന് സീറ്റ് കൊടുത്തതിലുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധം തന്നെയാണ് നേതൃത്വത്തിന്‍റെ തീരുമാനത്തെ തിരുത്തിയത്.

കേരളാ കോണ്‍ഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് വിട്ടുനല്‍കിയപ്പോള്‍ പ്രതിഷേധവുമായെത്തിയ ഭൂരിഭാഗം പ്രവര്‍ത്തകരും ഉയര്‍ത്തിപ്പിടിച്ച പേര് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടിയുടേതായിരുന്നു. ഒടുവില്‍‌ നേതൃത്വം ഈ ആവശ്യം അംഗീകരിച്ചതോടെ കുറ്റ്യാടിയില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുകയാണ്. കുറ്റ്യാടി ടൌണില്‍ കുഞ്ഞമ്മദ് കുട്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പിന്നാലെ ആയഞ്ചേരിയില്‍ നടന്ന ഇടത് മുന്നണി കണ്‍വെന്‍ഷനും പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കുറ്റ്യാടിയില്‍ പ്രശ്നങ്ങള്‍ വഷളാക്കാന്‍ യുഡിഎഫ് ശ്രമിച്ചെന്നാണ് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം ആരോപിച്ചത്.

കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം എന്തുവില കൊടുത്തും തിരിച്ചു പിടിക്കുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു. ഇടത് മുന്നണിയുടെ കൈവശമായിരുന്ന കുറ്റ്യാടിയെ 1157 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പാറക്കല്‍ അബ്ദുല്ല കഴിഞ്ഞ തവണ യുഡിഎഫിലേക്ക് അടുപ്പിച്ചത്. യുഡിഎഫ് പ്രചാരണത്തില്‍ ഏറെ മുന്നിലെത്തിയെങ്കിലും പാര്‍ട്ടിയുടെ ശക്തി കേന്ദ്രം കൂടിയായ കുറ്റ്യാടിയില്‍ വരുംദിവസങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം

Spread the love

Leave a Reply

Your email address will not be published. Required fields are marked *