കുറ്റക്കാര്‍ രക്ഷപ്പെടുകയാണെങ്കില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുമെന്ന് സുബോധ് കുമാറിന്റെ ഭാര്യ

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിന്റെ ഭാര്യ തന്റെ ഭര്‍ത്താവിന് നീതി നിഷേധിക്കപ്പെടുകയാണെന്ന് ആരോപിച്ച് രംഗത്ത്. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നാല്‍ മാത്രമേ തനിക്കു നീതി ലഭിക്കുകയുളളുവെന്നും ഭാര്യ രഞ്ജിനി റാത്തോര്‍. സംഭവത്തില്‍ കുറ്റക്കാര്‍ രക്ഷപ്പെടുകയാണെങ്കില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുമെന്നും രഞ്ജിനി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിുന്നു അവര്‍. കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് നേരിട്ട് ശിക്ഷ വിധിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അദ്ദേഹത്തിനെതിരെ ഇതിനും മുന്‍പ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആത്മാര്‍ത്ഥതയോടെ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചയാളാണ് തന്റെ ഭര്‍ത്താവ്. മുന്‍പ് ആക്രമണങ്ങള്‍ നടന്നപ്പോഴും ധീരതയോടെ അദ്ദേഹം അത് നേരിട്ടു. രണ്ട് തവണയാണ് അദ്ദേഹത്തിനു നേരേ വെടിവയ്പ്പുണ്ടായത്. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നൊടുക്കിയാല്‍ മാത്രമേ എനിക്ക് നീതി കിട്ടൂ.

എന്റെ ഭര്‍ത്താവ് ധീരനായ ഓഫീസറായിരുന്നു. സഹപ്രവര്‍ത്തകരെ മുന്‍പില്‍ നിന്നു നയിക്കുന്നയാള്‍. എന്നാല്‍ സംഭവസമയത്ത് സമര്‍ത്ഥമായി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കയ്യൊഴിഞ്ഞു. മരണത്തിന് ഏര്‍പ്പിച്ചു കൊടുത്തു രഞ്ജിനി പറയുന്നു. എന്റെ ഭര്‍ത്താവിന്റെ കൊലയാളികളെ എന്റെ മുന്നില്‍ കൊണ്ടു വരൂ… ഈ കൈകള്‍ കൊണ്ട് ഞാന്‍ ശിക്ഷ നടപ്പാക്കാം.

അതേസമയം സംഭവം ആസൂത്രിതമാണെന്നുളളതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. സംഘര്‍ഷമൊഴിവാക്കാന്‍ കണ്ടെടുത്ത പശുവിന്റെ അവശിഷ്ടം സംസ്‌ക്കരിക്കാനുള്ള നീക്കം പ്രതിഷേധക്കാര്‍ തടഞ്ഞുവെന്ന് കരിമ്പ് പാടത്തിന്റെ ഉടമസ്ഥന്റെ ഭാര്യ പ്രീതി രാജ്കുമാര്‍ ചൗധരി പറഞ്ഞു. ടെലഗ്രാഫാണ് ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വിട്ടത്. താനും ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് സംസ്‌ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം എടുത്ത് പൊലീസ് ഔട്ട്‌പോസ്റ്റിന് മുന്നില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പ്രീതി ദ ടെലഗ്രാഫിനോട് പറഞ്ഞു.

രാവിലെ ഏഴുമണിക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്ന് പാടത്ത് 25 പശുക്കളുടെ അവശിഷ്ടം കണ്ടെന്ന് ഭര്‍ത്താവിന് ഫോണ്‍ വന്നു. അവിടെ ചെന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പശുക്കളുടെ തല കയറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. നേരത്തെ അതവിടെ ഉണ്ടായിരുന്നില്ല. അരമണിക്കൂറിനകം വലിയ ആള്‍ക്കൂട്ടം അവിടെ എത്തിച്ചേരുകയാണുണ്ടായതെന്ന് പ്രീതി പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ഭയന്ന രാജകുമാര്‍ ചൗധരി ഇപ്പോള്‍ ഒളിവിലാണ്.

ബീഫ് കയ്യില്‍ വച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് അന്വേഷിച്ചതിനാണ് സുബോധിനെ കൊന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരി ആരോപിച്ചിരുന്നു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യപ്രതികള്‍ ഒളിവിലാണ്. ഇവര്‍ ബജ്‌റംഗ്ദള്‍, വി.എച്ച്.പി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ്.

സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സുബോധ് കുമാര്‍ സിംഗിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഡ്രൈവറും രംഗത്ത് വന്നിരുന്നു. അതിര്‍ത്തി മതിലിനടുത്ത് സുബോധ് കുമാര്‍ സിംഗ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തെ പൊക്കിയെടുത്ത് ഞാന്‍ പൊലീസ് ജീപ്പിലേയ്ക്ക് ഇട്ടു. വണ്ടിയെടുക്കാന്‍ നോക്കുമ്പോള്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ജീപ്പിനു നേരേ കല്ലെറിയുകയായിരുന്നുവെന്നും പിന്നീട് തങ്ങള്‍ക്കെതിരെ വെടിവയ്ക്കാന്‍ ഒരുങ്ങുകയായിരുന്നുവെന്നും പൊലീസ് ഡ്രൈവര്‍ മൊഴി നല്‍കി.

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ജീപ്പ് ഇട്ടിട്ട് ഓടുക മാത്രമേ തരമുണ്ടായിരുന്നുളളുവെന്ന് പോലീസ് ഡ്രൈവര്‍ രാം ആശ്രേ മൊഴി നല്‍കി. കരിമ്പുവയലില്‍ മറഞ്ഞിരുന്നാണ് അവര്‍ വെടിവച്ചത്. തലയ്ക്ക് വെടിയേറ്റായിരുന്നു സുബോധ് കുമാറിന്റെ മരണം. അന്നു തന്നെ രണ്ട് തവണയാണ് ആക്രമണം നടന്നത്. കല്ലെറിനു പുറമേ തങ്ങള്‍ക്കു നേരേ മുട്ട വലിച്ചെറിഞ്ഞെന്നും രാം ആശ്രേ പറയുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് സുബോധ് സിംഗിന് ഞങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചത്. ആക്രണത്തിന് തയ്യാറെടുത്തിരുന്ന ഒരു വലിയ സംഘത്തെ തടഞ്ഞു നിര്‍ത്താന്‍ തങ്ങള്‍ക്കു സാധിക്കുമായിരുന്നില്ലെന്നും രാം ആശ്രേ പറഞ്ഞു.

ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ദാദ്രിയിലെ അഖ്‌ലാഖിന്റെ കൊലപാതകക്കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടന്നുവെന്ന സംശയം ബലപ്പെടുകയാണ്. സുബോധിന്റെ തലയ്ക്ക് വെടിയേറ്റിരുന്നു. സര്‍വീസ് തോക്കും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *