കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ രാപ്പകല്‍ സമരം; പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു

കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ ഡിആര്‍ടി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. അവര്‍ക്കൊപ്പമെത്തി പ്രതിഷേധിച്ച മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. ജപ്തി നടപടി തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് 12 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പനമ്ബള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നിലായിരുന്നു പ്രീത ഷാജിയുടെയും സമരസമിതിയുടെയും പ്രതിഷേധം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. ഇതിനായി എത്തിയപ്പോഴാണ് പ്രതിഷേധ സമരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രീത ഷാജിയുടെ വീടിന്റെ ജപ്തി നടപടികള്‍ തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇത് വെള്ളരിക്കാപ്പട്ടണം അല്ലെന്ന് നിരീക്ഷിച്ച കോടതി, ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഓര്‍മിപ്പിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജപ്തി നടപടിയുമായി സഹകരിക്കില്ലെന്നായിരുന്നു പ്രീതയുടെയും കുടുംബത്തിന്റെയും നിലപാട്.

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചതോടെ വിഷയം ജനശ്രദ്ധനേടി. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം. പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ അടക്കം നിരവധി പേര്‍ പ്രീതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *