കേന്ദ്രത്തോട് ചോദിച്ചു വാങ്ങാന്‍ മുഖ്യമന്ത്രിക്ക് തന്റേടമില്ല: ചെന്നിത്തല

കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തോട് തന്റേടത്തോടെ ചോദിച്ച്‌ വാങ്ങാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന് തിണ്ണമിടുക്ക് മാത്രമേയുള്ളൂ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. കേന്ദ്രം തരുന്നുമില്ല, കേരളം ചോദിക്കുന്നുമില്ല – കേന്ദ്ര അവഗണനയ്ക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികള്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് ചെന്നിത്തല പറഞ്ഞു.

നാലര വര്‍ഷത്തിനിടയില്‍ കേന്ദ്രം അനുവദിച്ചുതന്ന ഏതെങ്കിലും പദ്ധതിയുടെ പേര് പറയാന്‍ ബി.ജെ.പിക്കോ സംസ്ഥാനസര്‍ക്കാരിനോ സാധിക്കില്ല. സായ്പിനെ കാണുമ്ബോള്‍ കവാത്ത് മറക്കുന്നത് പോലെയാണ് പ്രധാനമന്ത്രി മോദിയെ കാണുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫ് ഭരണകാലത്ത് രണ്ടാം യു.പി.എ അനുവദിച്ച്‌ തന്ന പദ്ധതികളേ ഇപ്പോഴുള്ളൂ. റബ്ബറിനെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. യു.ഡി.എഫ് നടപ്പാക്കിയ വിലസ്ഥിരതാ പാക്കേജനുസരിച്ചുള്ള തുക ഇടതുസര്‍ക്കാര്‍ കുടിശ്ശികയാക്കി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തറക്കല്ലിട്ട കഞ്ചിക്കോട്ടെ റെയില്‍ കോച്ച്‌ ഫാക്ടറി ബി.ജെ.പി തരുന്നില്ല. റേഷന്‍സംവിധാനം തകരാറിലായിട്ടും ചോദിച്ചുവാങ്ങാന്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ഇവിടെയില്ല. കാത്തിരിപ്പിനൊടുവില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി ലഭിച്ചുവെങ്കിലും വലിയ പ്രതീക്ഷയില്ല. പറയാനുള്ളത് പറഞ്ഞിട്ട് വരാമെന്ന് മാത്രമേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

മുന്‍കാലങ്ങളില്‍ ഭരണത്തിലെത്തുേമ്ബാള്‍ കേന്ദ്ര അവഗണനയ്ക്കെതിരെ സമരം നടത്തിയിരുന്ന ഇടതു മുന്നണി ഇത്തവണ ഇതുവരെ അങ്ങനെയൊരു പ്രക്ഷോഭം നടത്താത്തത് എന്ത് കൊണ്ടാണെന്ന് അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ ചോദിച്ചു. കേന്ദ്ര വിരുദ്ധ സമരത്തിന് പകരം മോദി സ്തുതി പാടുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണ് ഡല്‍ഹിയിലും കേരളത്തിലും അധികാരത്തിലെന്ന് മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് ഡോ.എം.കെ. മുനീര്‍ പറഞ്ഞു. മദയാനയെ പോലെ തലയുയര്‍ത്തി നടക്കുന്ന മോദിയുടെ ഭരണം പൂജ്യമാണെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *