തിമിര്‍ത്തുപെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ വലിയ അണക്കെട്ടായ ഇടുക്കിയില്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്. 33 വര്‍ഷത്തിനു ശേഷമാണ് ഇത്രയും ജലനിരപ്പ്. ചൊവ്വാഴ്ച രാവിലെയോടെ 69.41 ശതമാനം നിറഞ്ഞു; 2375.51 അടി. രണ്ടാമത്തെ വലിയ വൈദ്യുതി പദ്ധതിയായ ശബരിഗിരിയിലെ പമ്ബ-കക്കി അണക്കെട്ടുകള്‍ 69 ശതമാനവും നിറഞ്ഞു. മിക്ക ചെറുകിട അണക്കെട്ടുകളും തുറന്നുവിട്ടു. ഇക്കൊല്ലം ജല വൈദ്യുതി കൂടുതല്‍ ഉല്പാദിപ്പിക്കാം, നിരക്ക് വര്‍ധനാ ഭീഷണിക്കിടെ ആശ്വാസവുമാകും.
1985 ജൂലൈ 16നായിരുന്നു ഇൗ സീസണില്‍ മുമ്ബ് ഉയര്‍ന്ന ജലനിരപ്പ്. സീസണിലെ കണക്ക് നോക്കിയാല്‍ ഇടുക്കി അണക്കെട്ടിെന്റ ചരിത്രത്തിലെ ഉയര്‍ന്ന ജലനിരപ്പിലൊന്നാണ് ഇപ്പോഴത്തേതെന്ന് വൈദ്യുതി ജനറേഷന് വിഭാഗം വ്യക്തമാക്കി. രണ്ടു ദിവസംകൊണ്ട് ജലനിരപ്പ് രണ്ട് മീറ്ററാണ് ഉയര്‍ന്നത്. ഞായറാഴ്ച 722.76 മീറ്ററുണ്ടായിരുന്നത് 724.58 മീറ്ററായി; സംഭരണ ശേഷിയുടെ 69.41 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 20.87 ശതമാനമായിരുന്നു വെള്ളം. ഇക്കുറി 49 ശതമാനം അധികം. ഉപഭോഗം കുറഞ്ഞതും ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി മൂലവും മൂലമറ്റത്ത് ഉല്പാദനം കുറച്ചിരിക്കുകയാണ്. ഇതും പെെട്ടന്ന് ജലനിരപ്പ് ഉയരാനിടയാക്കി.

സംഭരണ ശേഷി കുറഞ്ഞ നേര്യമംഗലം, പൊന്മുടി, ലോവര്‍പെരിയാര്‍, കക്കയം അടക്കമുള്ളവ തുറന്നുവിട്ടു. മറ്റുള്ളവ അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടുകളില്‍ 71 ശതമാനം വെള്ളമുണ്ട്. 4140 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷിയാണ് എല്ലാ അണക്കെട്ടുകള്ക്കുമായുള്ളത്. ഇതില്‍ 2945.33 ദശലക്ഷം യൂനിറ്റിന് വെള്ളമായിക്കഴിഞ്ഞു. ഒരാഴ്ചയായി വലിയ നീരൊഴുക്കാണ് സംഭരണികളിലേക്ക്. ചൊവ്വാഴ്ച മാത്രം 203.51 ദശലക്ഷം യൂനിറ്റിന് വെള്ളം ഒഴുകിയെത്തി. 10 ദിവസം കൂടി ഇൗ നില തുടരും. ജൂലൈയില്‍ 708 ദശലക്ഷം യൂനിറ്റിനേ വെള്ളം പ്രതീക്ഷിച്ചിരുന്നുള്ളൂവെങ്കിലും കിട്ടിയത് 1395.82 ദശലക്ഷം യൂനിറ്റിനുള്ളതാണ്.
ഇടുക്കി തുറന്നത് രണ്ടുതവണ മാത്രം
ഇടുക്കി സംഭരണി നിര്‍മിച്ച ശേഷം രണ്ടുതവണ മാത്രമേ തുറന്നിട്ടുള്ളൂ. 1981 ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 13 വരെയും 1992 ഒക്ടോബര്‍ 12 മുതല്‍ 23 വരെയും. 26 വര്‍ഷമായി അണക്കെട്ട് തുറന്നിട്ടില്ല. 2013 സെപ്റ്റംബറില്‍ തുറക്കാന്‍ ഒരുക്കം നടത്തിയെങ്കിലും ഉല്പാദനം വര്‍ധിപ്പിച്ച് ക്രമീരിച്ചു. 2403 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ അണക്കെട്ട് തുറക്കും (732.43 മീറ്റര്‍). തുലാവര്‍ഷം കൂടി അതിശക്തമാവുകയും ഉല്പാദനം വര്‍ധിപ്പിച്ചാലും ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുകയും ചെയ്താല്‍ ഇക്കുറി അണക്കെട്ട് തുറക്കേണ്ടിവരും. 2190 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇവിടെ സംഭരിക്കാം.
മറ്റ് സംഭരണികളിലെ ജലനിരപ്പ്
പമ്ബ-കക്കി -69 ശതമാനം, ഷോളയാര്‍ 75, ഇടമലയാര്‍ 68 കുണ്ടള 41, മാട്ടുപ്പെട്ടി 66, കുറ്റ്യാടി 99, തേര്യാട് 100, ആനയിറങ്കല്‍ 21, പൊന്മുടി 97, നേര്യമംഗലം 97, പെരിങ്ങല്‍ 100, ലോവര്‍ പെരിയാര്‍ 100













