കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു താനെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയതായി സൂചന; നിഷേധിച്ച് കാവ്യ


നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ കാര്‍ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. രണ്ടു മാസം കാവ്യയുടെ കാര്‍ ഡ്രൈവറായിരുന്നുവെന്ന് പോലീസിന് നല്‍കിയ മൊഴിയിലാണ് സുനി പറഞ്ഞത്. അതേസമയം പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടാണ് പോലീസ് ചോദ്യം ചെയ്യലില്‍ കാവ്യാമാധവന്‍ കൈക്കൊണ്ടത്. കാവ്യയുടെ മൊഴി ശരിയാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇതിനായി കാവ്യയുമായി അടുപ്പമുള്ള കൂടുതലാളുകളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
ദിലീപിന്റെ തറവാട് വീട്ടില്‍ വെച്ചായിരുന്നു കാവ്യയെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ടതിന് ശേഷം കാവ്യാ മാധവന്റെ വസ്ത്രവ്യാപാരശാലയായ ലക്ഷ്യയിലെത്തിയെന്ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് കാക്കനാട്ടുള്ള വസ്ത്രവ്യാപാരശാലയില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.




Sharing is Caring