കാവേരി നദിജലതര്‍ക്കം: കര്‍ണാടക അയഞ്ഞു; തമിഴ്നാടിന് കാവേരി വെള്ളം ലഭിക്കുമെന്ന് ഉറപ്പ്

കാവേരി നദിയില്‍ നിന്നും തമിഴ്നാടിന് കര്‍ണാടക വെള്ളം വിട്ടുനല്‍കും. കാവേരിയിലെ വെള്ളം കൃഷി ആവശ്യത്തിന് കൂടി വിട്ടുനല്‍കാമെന്ന പ്രമേയം കര്‍ണാടക നിയമസഭ പാസാക്കി.. ഇതിനിടെ കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു..
കാവേരി നദിയില്‍ നിന്നുള്ള വെള്ളം ബംഗളുരുവിന്റേയും കാവേരി നദീതട ജില്ലകളുടേയും കുടിവെള്ള ആവശ്യത്തിന് മാത്രമെ ഉപയോഗിക്കൂ എന്ന പ്രമേയം കഴിഞ്ഞ മാസം ഇരുപതിന് കര്‍ണാടക നിയമസഭ പാസാക്കിയിരുന്നു. ഇതനുസരിച്ച്‌ സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും സംസ്ഥാനം തമിഴ്നാടിന് വെള്ളം വിട്ടുനല്‍കിയില്ല.വെള്ളം വിട്ടുനല്‍കുന്ന കാര്യത്തിലുള്ള തീരുമാനം നാളെ രണ്ട് മണിക്ക് മുമ്ബ്് അറിയിക്കണമെന്ന് ഇന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചതോടെ കര്‍ണാടകം നിലപാട് മയപ്പെടുത്തി. കുടിവെള്ള ആവശ്യത്തിന് പുറമെ കാവേരി തീരത്തെ കര്‍ഷകര്‍ക്ക് കൂടി വെള്ളം വിട്ടുനല്‍കാമെന്ന പ്രമേയം വിധാന്‍ സഭ പാസാക്കി.
ഇതോടെ തമിഴ്നാടിന് കെആര്‍എസ് അണക്കെട്ടില്‍ നിന്ന് വെള്ളം ലഭിക്കുമെന്ന് ഉറപ്പായി.. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നും ജലമന്ത്രി ടി.ബി. ജയചന്ദ്ര അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.. ബിജെപിയും ജെഡിഎസും സര്‍ക്കാര്‍ നിലപാടിന് പിന്തുണ അറിയിച്ചു. അതേ സമയം കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുക എന്ന ഉത്തരവ് നടപ്പിലാക്കുക പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി സുപ്രീം കോടതിയെ അറിയിച്ചു. കര്‍ണാടകം മാത്രമാണ് ബോര്‍ഡിലേക്ക് അംഗത്തെ നിര്‍ദ്ദേശിക്കാനുള്ളത്. വെള്ളം വിട്ടുനല്‍കുന്നതിനെതിരെ കര്‍ണാടകം നല്‍കിയ അപേക്ഷയും കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷയോടൊപ്പം നാളെ കോടതി പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *