കാനറ ബാങ്കിലെ എട്ട് കോടി തട്ടിയെടുത്ത കേസില്‍ ട്വിസ്റ്റ്, പ്രതിയുടെ അക്കൗണ്ടുകള്‍ കാലി

പത്തനംതിട്ട: കാനറാ ബാങ്ക് തട്ടിപ്പ് കേസിൽ വൻ വഴിത്തിരിവ്. തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് പരിശോധന നടത്തിയപ്പോൾ വിജീഷ് വർഗീസിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്നാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയത്. ഇതാണ് ഇപ്പോൾ പോലീസിനെ വലയ്ക്കുന്നത്.

സ്വന്തം പേരിൽ മൂന്ന് അക്കൗണ്ടുകൾ, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ എന്നിവ കൂടാതെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് വർഗീസ് വൻ തുക നിക്ഷേപിച്ചത്. ആറര കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയത്. എന്നാൽ ഈ അക്കൗണ്ടുകളിലൊന്നും ഇപ്പോൾ കാര്യമായ പണമൊന്നും അവശേഷിക്കുന്നില്ല. ചിലതിൽ മിനിമം ബാലൻസ് മാത്രമാണുള്ളത്. ചിലത് കാലിയാണ്.

തട്ടിപ്പ് സ്ഥിരീകരിച്ചതോടെ ഈ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചിരുന്നു. എന്നാൽ അതിനും ഏറെ മുൻപേ പണം പിൻവലിക്കപ്പെട്ടുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പണം പിൻവലിക്കപ്പെട്ടതെന്നാണ് സംശയം.

തട്ടിയെടുത്ത പണത്തിൽ വലിയൊരു നിക്ഷേപം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് മൊഴി. ബന്ധപ്പെട്ട അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഉടൻ ഏറ്റെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *