പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു; ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി തടഞ്ഞ് ഇസ്രയേൽ

ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.

വ്യോമാക്രമണം ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ വലിയ ഇന്ധന ക്ഷാമവും വൈദ്യുതി ക്ഷാമവും നേരിടുകയാണ് ഗാസ.

അതേസമയം ഖത്തറിൽ നിന്ന് ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതിക്ക് ഇസ്രയേൽ പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലെ വൈദ്യുതി വിതരണ കമ്പനിയിൽ രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇന്ധനം തീർന്നുപോകാനിടയുണ്ട്. ഗാസ മുനമ്പിനും ഇസ്രയേൽ അതിർത്തിക്കും ഇടയിലും ഗാസ-ഈജിപ്ഷ്യൻ അതിർത്തിക്കും ഇടയിലുള്ള കെറം ഷാലോം ക്രോസിങ് അവസാനിപ്പിച്ചതിനാൽ ഗാസയിലെ പല വീടുകളും വൈദ്യുതി ഇല്ലാതെ ഇരുട്ടിലാണ് എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പലസ്തീൻ-ഇസ്രയേൽ സംഘർഷം പുനരാരംഭിച്ചതിന് ശേഷം 200ലധികം ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണം തുടങ്ങി ഒരാഴ്ചയ്ക്കകം 212 പേർ പലസ്തീനിൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ 61 കുട്ടികൾ ഉൾപ്പെടുന്നു. 1500 ലധികം പലസ്തീനികൾക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. രണ്ട് കുട്ടികളടക്കം പത്ത് പേർ ഒരാഴ്ചയ്ക്കിടയിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *