കശ്മീര്‍ അവിഭാജ്യഘടകം; പാക്കിസ്ഥാന്‍ തലയിടേണ്ടെന്ന് വികാസ് സ്വരൂപ്

കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നും പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ തലയിടേണ്ടെന്നും ഭാരത വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്.

കശ്മീര്‍ വിഷയത്തില്‍ വിദേശ ഇടപെടല്‍ അനുവദിക്കില്ലെന്നും പാക്കിസ്ഥാനെ സൂചിപ്പിച്ച് ഭാരത വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം പാക്കിസ്ഥാനെ ധരിപ്പിച്ചിട്ടുള്ളതാണെന്നും വികാസ് സ്വരൂപ് കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാന്‍ പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയന്ത്രണ രേഖ മുറിച്ചെന്ന പാക് ആരോപണത്തിനെതിരേയും വികാസ് സ്വരൂപ് ആഞ്ഞടിച്ചു. ഭാരതത്തിന്റെ നയതന്ത്രകാര്യങ്ങളില്‍ നിയന്ത്രണ രേഖ മുറിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ മറുപടി. ബലൂചിസ്ഥാന്‍ പരാമര്‍ശത്തിലൂടെ ഭാരതം യുഎന്‍ നിര്‍ദേശ ലംഘനമാണ് നടത്തിയതെന്നും യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ പ്രശ്‌നം ശക്തിയുക്തം ഉന്നയിക്കുമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കരിയ നേരത്തേ പറഞ്ഞിരുന്നു.

ഈ മാസം 25, 26 തീയതികളില്‍ ഇസ്‌ലാമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ധനമന്ത്രിമാരുടെ ചര്‍ച്ചയില്‍ ഭാരതം പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും വികാസ് സ്വരൂപ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *