കല്‍ക്കരി ഇടപാടില്‍ 447 കോടിയുടെ അഴിമതിയെന്ന് യദ്യൂരപ്പ; ആരോപണം വ്യാജമെന്ന് കോണ്‍ഗ്രസ്

കല്‍ക്കരി ഇടപാടില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വൈദ്യുതി മന്ത്രി ഡി.കെ ശിവകുമാറും 447 കോടിയുടെ അഴിമതി നടത്തിയതായി മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ ബി.എസ്. യദ്യൂരപ്പ. അതേസമയം സംസ്ഥാനത്ത് ബി.ജെ.പിയില്‍ രൂപം കൊണ്ട വിഭാഗീയതയും പാര്‍ട്ടിക്കുള്ള ജനകീയ പിന്തുണ നഷ്ടപ്പെടുന്നതിന്റെയും സാഹചര്യത്തിലാണ് ഇവയെ മറികടക്കാനുള്ള പുതിയ തന്ത്രവുമായി യദ്യൂരപ്പ രംഗത്തെത്തിയതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാര്‍ സ്ഥാപനമായ കര്‍ണാടക പവര്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ കൂടിയായ സിദ്ധരാമയ്യയും വൈദ്യുതിമന്ത്രി ശിവകുമാറും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്ന് യദ്യൂരപ്പ ആരോപിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ആരോപണം അസംബന്ധമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ആരോപണത്തിന് പിന്നില്‍ ജനങ്ങളെ വഴിതെറ്റിക്കുകയെന്നതാണ് ലക്ഷ്യമെന്ന് വൈദ്യുതിമന്ത്രി ശിവകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഏത് തരത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണ്. സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവാദത്തിന് തയാറാണെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 447 കോടി രൂപ മഹാരാഷ്ട്രയില്‍ നിന്ന് സുഗമമായ രീതിയില്‍ കല്‍ക്കരി ലഭിക്കുന്നതിനുവേണ്ടിയാണ് വിനിയോഗിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ അടിത്തറ നഷ്ടപ്പെട്ട ബി.ജെ.പി വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *