കലാപം; 32 മരണം : സൈന്യം രംഗത്ത്

സാമൂഹിക-ആത്മീയ പ്രസ്ഥാനമായി അറിയപ്പെടുന്ന ദേര സച്ച സൌദയുടെ തലവന്‍, ആള്‍ദൈവമായി വിശേഷിപ്പിക്കപ്പെടുന്ന ഗുര്‍മീത് റാം റഹീമി (50)നെ ബലാത്സംഗക്കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും വന്‍കലാപം. ഡല്‍ഹിയിലും രാജസ്ഥാനിലും ആക്രമണങ്ങളുണ്ടായി. ദേര ആസ്ഥാനമായ സിര്‍സയില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടുപേരടക്കം വിവിധയിടങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളും പെട്രോള്‍ ബങ്ക് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. റാം റഹീമിന്റെ സ്വകാര്യ സേന ആയുധങ്ങളുമായി കലാപത്തിനിറങ്ങിയപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുക്കുത്തികളായി. പൊലീസും അര്‍ധസൈനിക വിഭാഗവും കാഴ്ചക്കാരായി.

ഹരിയാനയിലെ പഞ്ച്കുല സിബിഐ പ്രത്യേക കോടതിയാണ് റാമിനെ വെള്ളിയാഴ്ച പകല്‍ രണ്ടിന് കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ 28നു പ്രഖ്യാപിക്കും. രണ്ട് പെണ്‍കുട്ടികളെ ഹരിയാനയിലെ ദേര ആസ്ഥാനത്തുവച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത കേസിലാണ് റാം കുറ്റക്കാരനായത്. കോടതി വിധിക്കുശേഷം ഇയാളെ സൈനിക കസ്റ്റഡിയില്‍ വിട്ടു. പിന്നീട് ഹെലികോപ്റ്ററില്‍ അംബാല ജയിലിലേക്ക് മാറ്റി.

ആക്രമണം നേരിടാന്‍ സൈന്യത്തെ നിയോഗിക്കാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വന്‍വീഴ്ച വരുത്തി. റാം അനുകൂലികള്‍ ആക്രമണത്തിനുള്ള ആയുധങ്ങളും മണ്ണെണ്ണയും പെട്രോളും വന്‍തോതില്‍ സംഭരിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് നിഷ്ക്രിയരായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *