നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ണാടകയില്‍ നാളെ മുതല്‍ 22,000 സ്വകാര്യ ഡോക്ടര്‍മാര്‍ പണിമുടക്ക് സമരം ആരംഭിക്കും. 600 സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ടു പ്രതിഷേധിക്കുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആന്റ് നഴ്‌സിങ് ഹോംസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സി ജയന്ന പറഞ്ഞു.
തങ്ങളുടെ നാല് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ ഒ.പി അടക്കം എല്ലാ ചികിത്സയും നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബില്‍ പാസാക്കുന്നതിനെതിരെയാണ് പ്രധാനമായും സമരം. ബില്ലില്‍ പറയുന്ന നാല് തര്‍ക്കവിഷയങ്ങള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം.
സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2007 ല്‍ കര്‍ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പാസാക്കിയത്. എന്നാല്‍ ഈ ആക്ടിന് പല്ലില്ലെന്ന വിശേഷണം വന്നതോടെയാണ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചികിത്സാ ചെലവുകളില്‍ അടക്കം നിയന്ത്രണം വരുത്തിയാണ് പുതിയ ബില്‍ സര്‍ക്കാര്‍ പാസാക്കാനൊരുങ്ങുന്നത്.













