കര്‍ണാടകയിലെ ക്ഷേത്രത്തില്‍ വീണ്ടും ഭക്ഷ്യവിഷബാധ; പ്രസാദം കഴിച്ച സ്ത്രീ മരിച്ചു; 11 പേര്‍ ആശുപത്രിയില്‍

ബെംഗളൂരൂ: കര്‍ണാടകയിലെ ക്ഷേത്രത്തില്‍നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച്‌ സ്ത്രീ മരിച്ചു. ചിക്കബല്ലാപുരയിലെ ചിന്താമണി താലൂക്കിലുള്ള ഗംഗമ്മ ദേവീ ക്ഷേത്രത്തിലാണ് സംഭവം. ചിക്കബല്ലാപുര സ്വദേശിയായ കവിത(28)ആണ് മരിച്ചത്. ഭഷ്യവിഷബാധയേറ്റ പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കവിതയുടെ കുട്ടികളും വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച ക്ഷേത്രത്തില്‍ നിന്നും വിതരണം ചെയ്ത പ്രസാദത്തില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തു. ഇത് കഴിച്ചവര്‍ക്കാണ് പിന്നീട് ഛര്‍ദ്ദിയും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവ വേളയില്‍ അജ്ഞാതരായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ വന്നിരുന്നുവെന്നും ഇവര്‍ ഹല്‍വ വിതരണം ചെയ്തതെന്നും പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇരുവരും ഹല്‍വ വിതരണം ചെയ്തത് ക്ഷേത്ര അധികൃതരുടെ അറിവോടെയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ഡിസംബറില്‍ കര്‍ണാടകയിലെ ചാമരാജനഗറിലെ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും നൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ക്ഷേത്രം ട്രസ്റ്റ് മേധാവി മഹാദേവസ്വാമിയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് അറസ്റ്റിലായ മറ്റൊരു ക്ഷേത്രത്തിലെ പൂജാരി ദൊഡ്ഡയ്യ കുറ്റസമ്മതം നടത്തുകയുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *