കന്നുകാലി വില്‍പന: കേന്ദ്രവിജ്ഞാപനം യുദ്ധപ്രഖ്യാപനമെന്ന് വി.എസ്

കന്നുകാലികളുടെ വില്പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് വി.എസ് അച്യുതാനന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.

സ്വാധികാരപ്രമത്തരായ ഭ്രാന്തൻ ഗോസംരക്ഷകരുടെ കാൽക്കീഴിൽ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വെക്കുന്നത് എന്ത് വിലകൊടുത്തും ചെറുക്കണം. സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈകടത്തുന്നു എന്നതു മാത്രമല്ല, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെപ്പോലും ധ്വംസിക്കുംവിധം ഏകാധിപത്യപരമായ വിജ്ഞാപനങ്ങളിറക്കിക്കൊണ്ട് ഇന്ത്യയുടെ നാനാത്വത്തെയും വൈവിദ്ധ്യ പൂർണതയെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കാർഷികാവശ്യങ്ങൾക്ക് മാത്രമല്ല, ഇന്ത്യയിൽ കാലികളെ വളർത്തുന്നത്. ഭക്ഷണത്തിനും തുകലിനും യാത്രയ്‌ക്കുമെല്ലാം കാലികളെ ഉപയോഗിക്കുന്ന നാടാണ് ഇന്ത്യ.

അത്തരം ആവശ്യങ്ങൾക്കെല്ലാം കാലികളെ കൈമാറ്റം ചെയ്യേണ്ടി വരും. കാലികളുടെ തുകല് കൊണ്ടുണ്ടാക്കിയ ചെരിപ്പുമിട്ട് ഗോസംരക്ഷണം പ്രസംഗിക്കുന്ന ഗോസാമിമാരുടെ മാത്രം പ്രതിനിധിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി. അദ്ദേഹം ഒരു ഹിന്ദു രാഷ്ട്രത്തിലെ രാജാവുമല്ല. ഇക്കാര്യം മനസ്സിലാക്കി ഈ വിജ്ഞാപനം പിൻവലിക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *