കത്ത് പുറത്ത് വിട്ടത് സംഘടനയിലെ നെറികെട്ടവര്‍, ‘അമ്മ’യ്‌ക്കെതിരായ തന്റെ പരാതികള്‍ക്ക് തൃപ്തികരമായ മറുപടി ലഭിച്ചിരുന്നു; ഗണേഷ് കുമാര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ ‘അമ്മ’ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, പ്രസിഡന്റ് ഇന്നസെന്റിന് താന്‍ അയച്ച കത്ത് എങ്ങിനെ പുറത്തായെന്ന് അറിയില്ലെന്ന് എക്‌സിക്യൂട്ടീവ് അംഗം കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സംഘടനയിലെ നെറികെട്ട അംഗങ്ങിലാരോ ആണ് കത്ത് പുറത്തുവിട്ടത്. കത്തില്‍ താന്‍ ഉന്നയിച്ച പരാതികള്‍ക്ക് തൃപ്തികരമായ മറുപടി ലഭിച്ചിരുന്നു. അതിനാല്‍ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടിയില്ലെന്ന വാദം തെറ്റാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ‘അമ്മ’ ശ്രമിച്ചിട്ടില്ല. അതിക്രമത്തിന് ഇരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ‘അമ്മ’ പ്രമേയം പാസാക്കാത്തത് സംഘടനയ്ക്ക് അത്തരമൊരു പതിവില്ലാത്തതുകൊണ്ടാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും (മാധ്യമപ്രവര്‍ത്തകര്‍) താന്‍ കത്ത് തന്നിട്ടുണ്ടെന്ന് തെളിയിച്ചാല്‍ പറയുന്ന എന്ത് പണിയും ചെയ്യാമെന്നും ഗണേഷ് കുമാര്‍ വെല്ലുവിളിച്ചു. സംഘടനയ്ക്കുള്ളില്‍ അംഗങ്ങള്‍ പരസ്പരം ഇത്തരം കത്തുകള്‍ കൊടുക്കുന്നത് പതിവാണ്. ‘അമ്മ’യിലെ അംഗമെന്ന നിലയില്‍ അത്തരമൊരു കത്ത് നല്‍കാന്‍ തനിക്ക് അവകാശമുണ്ട്. അത് വായിച്ചിട്ട് തള്ളാനും സ്വീകരിക്കാനും പ്രസിഡന്റിന് അധികാരമുണ്ട്. ഈ കത്തുമായി ബന്ധപ്പെട്ട് ലഭിച്ച വിശദീകരണത്തില്‍ താന്‍ തൃപ്തനായതുകൊണ്ടാണ് അതില്‍ ഉന്നയിച്ച ആവശ്യങ്ങളുമായി മുമ്പോട്ട് പോകാതിരുന്നതെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങളൊന്നുമല്ല അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇന്നസെന്റിന് താന്‍ അയച്ച കത്തിലെ ഓരോ പാരഗ്രാഫും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും പ്രശ്‌നങ്ങള്‍ അന്നുതന്നെ പരിഹരിക്കാമെന്ന ഉറപ്പും ലഭിച്ചു. ഇക്കാര്യം അന്നു തന്നെ യോഗ തീരുമാനങ്ങള്‍ക്കൊപ്പം എഴുതിവെച്ചു. അതിന് ശേഷമാണ് പിറ്റേദിവസത്തെ ജനറല്‍ ബോഡി യോഗം ചേര്‍ന്നതെന്നും ഗണേഷ് വ്യക്തമാക്കി. നടിയ്ക്ക് പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെട്ട ‘അമ്മ’ സംഘടന പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍, ഇന്നസെന്റിന് അയച്ച കത്ത് ഇന്ന് രാവിലെയാണ് പുറത്തായത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ തിരശ്ശീലയ്ക്ക് പിന്നില്‍ ഒളിച്ചെന്ന് കത്തില്‍ ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും ഇത്തരമൊരു സംഘടന നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *