മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥരും പങ്കാളികളായെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അക്രമികള്‍ വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കുമ്പോള്‍ പോലീസുകാരും ഒപ്പം നില്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.
വെള്ളിയാഴ്ച രാത്രിയിലാണ് ഇരു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമുണ്ടായ പ്രദേശത്തെ കെട്ടിടത്തില്‍ നിന്നെടുത്ത ദൃശ്യങ്ങളാണ് പോലീസിനെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. വാഹനങ്ങള്‍ കത്തിക്കാനുള്ള വസ്തുക്കളുമായി കലാപകാരികള്‍ പോകുമ്പോള്‍ അവര്‍ക്കൊപ്പം പത്തോളം പോലീസുകാരും നടന്ന് നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവം വളരെ ഗൗരവമുള്ളതാണ്. കുറ്റക്കാര്‍ പോലീസുകാരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നെന്നും ഔറംഗബാദ് പോലീസ് മേധാവി മിലിന്ദ് ഭരാംബെ പറഞ്ഞു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പ്രദേശത്ത് സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.













