കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇന്നു നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നതായി റിപ്പോര്‍ട്ടുണ്ട്. കൂച്ച് ബഹര്‍ ജില്ലയിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ ബൂത്ത് കൈയ്യേറ്റവും നടക്കുന്നുണ്ട്.
രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെതന്നെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അക്രമങ്ങള്‍ ആരംഭിച്ചു. ദക്ഷിണ 24 പര്‍ഗാനയിലാണ് സിപിഎം പ്രവര്‍ത്തകനും ഭാര്യയും കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം.

കൂച്ച് ബെഹറില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ബോംബ് സ്‌ഫോടനത്തിലേക്ക് നയിച്ചത്. ഇരുപതു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടു ചെയ്യാന്‍ വന്ന തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. പലയിടങ്ങളിലും വോട്ടര്‍മാരെ ബൂത്തുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുന്നതായും അക്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭന്‍നഗറില്‍ മാധ്യമ വാഹനത്തിന് തീവെക്കുകയും കാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ പല വോട്ടിങ് കേന്ദ്രങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ഘട്ടം മുതല്‍ ബംഗാളില്‍ അക്രമസംഭവങ്ങള്‍ ആരംഭിച്ചിരുന്നു. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത അക്രമങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ബിജെപിയും കോണ്‍ഗ്രസും നേരത്തെ ആരോപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു നടക്കുന്ന അവസാന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഈ തിരഞ്ഞെടുപ്പിന് കല്‍പിക്കുന്നത്.













