ഒരു രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ബിജെപി എംപി ഗൗതം ഗംഭീര്‍

ഒരു രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ ഈസ്റ്റ് ഡല്‍ഹിയിലാണ് ഗൗതം ഗംഭീര്‍ പുതിയ പദ്ധതിയുമായി എത്തുന്നത്. ഭക്ഷണം നല്‍കുന്നതിനായി ജനകീയ അടുക്കള (ജന്‍ രസോയി) തുടങ്ങുമെന്ന് ഗംഭീര്‍ അറിയിച്ചു. ആദ്യത്തെ ജന്‍ രസോയി കാന്റീനിന്റെ ഉദ്ഘാടനം നാളെ ഗാന്ധി നഗറില്‍ ഗംഭീര്‍ നിര്‍വഹിക്കും.

തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ അശോക് നഗറിലെ കാന്റീന്‍ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് ഡല്‍ഹിയിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും ഓരോ കാന്റീന്‍ തുടങ്ങാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും എല്ലാവര്‍ക്കും ആരോഗ്യകരവും ശുചിയായതുമായ ഭക്ഷണത്തിന് അവകാശമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ജാതി, മത, സാമ്ബത്തിക പരിഗണനകള്‍ ഇല്ലാതെ എല്ലാവര്‍ക്കും നല്ല ഭക്ഷണം ലഭിക്കണം. വീടില്ലാത്തവര്‍ക്കും പാവപ്പെട്ടവര്‍ക്കും ദിവസം രണ്ടു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നത് ദുഃഖകരമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഗാന്ധി നഗറിലെ കാന്റീന്‍ അത്യാധുനിക നിലവാരത്തില്‍ ഉള്ളതായിരിക്കും. ഒരേ സമയം നൂറു പേര്‍ക്കാണ് ഇവിടെ ഭക്ഷണം കഴിക്കാനാവുക. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ 50 പേരെയാണ് പ്രവേശിപ്പിക്കുക. ചോറ്, പരിപ്പു കറി, പച്ചക്കറി എന്നിവയാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയെന്നും ഗംഭീറിന്റെ ഓഫീസ് അറിയിച്ചു. ഗൗതം ഗംഭീര്‍ ഫൗണ്ടേഷനില്‍ നിന്നും ഗംഭീറില്‍ നിന്നുള്ള വ്യക്തിപരമായ സഹായങ്ങള്‍ കൊണ്ടുമാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ സഹായം ഇല്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *