കോവിഡിന്റെ പുതിയ വകഭേദം: കര്‍ണാടകത്തില്‍ ജനുവരി രണ്ടുവരെ രാത്രികാല കര്‍ഫ്യൂ

ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ. ജനുവരി രണ്ടുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

”കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.”- മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. –

സംസ്ഥാനത്തേക്ക് വരുന്ന രാജ്യാന്തര യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു. ”ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തേക്ക് വരുന്ന എല്ലാ രാജ്യാന്തര യാത്രക്കാരെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്”- ആരോഘ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ പത്ത് മണിക്ക് ശേഷം ആഘോഷപരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കാന്‍ പാടില്ല. എല്ലാത്തരം ചടങ്ങുകള്‍ക്കും ഇത് ബാധകമാണ്- മന്ത്രി വ്യക്തമാക്കി. ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അനുവാദം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കോവിഡ് വ്യാപനം തടയുന്നതിനായി രണ്ടുദിവസം മുന്‍പുതന്നെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. പുതിയ കോവിഡ് വകഭേദത്തെ കുറിച്ച്‌ ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജനുവരി അഞ്ചുവരെ രാത്രി 11നും രാവിലെ ആറിനും ഇടയ്ക്കായിരിക്കും കര്‍ഫ്യൂ. യൂറോപ്പില്‍ നിന്നും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീന്‍ മഹാരാഷ്ട്ര നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പുതിയ ആശങ്കയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 31വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *