ഒന്നരവയസുകാരനെ തട്ടിയെടുക്കാന്‍ ശ്രമം: അസം സ്വദേശിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

മുത്തശിയെ ആക്രമിച്ച്‌ ഒന്നരവയസുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അസം സ്വദേശിയെ ആലുവ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അത്താണി കാംകോക്ക് സമീപം മാണിയംകുളം മാരാപ്പറമ്ബില്‍ വീട്ടില്‍ സാബു-നീന ദമ്ബതികളുടെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അസം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കിനെയാണ് (42) വ്യാഴാഴ്ച ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പ്രതിയെ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തേണ്ടിവരുമെന്നും അതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍നിന്ന് ഏതാനും ദിവസം മുമ്ബാണ് പ്രതി നെടുമ്ബാശേരി ഭാഗത്തെത്തിയത്. പ്രതിയുടെ കൈവശമുള്ള രേഖകള്‍ യഥാര്‍ഥ രേഖകളാണെന്നും അതുസംബന്ധമായി അസം പോലീസുമായി ബന്ധപ്പെടുമെന്നും പോലീസ് പറഞ്ഞു. കൈവശമുണ്ടായിരുന്ന പേഴ്സില്‍ രണ്ടരവയസുള്ള പെണ്‍കുഞ്ഞിന്റെ ഫോട്ടോയുണ്ടായിരുന്നു. അത് സ്വന്തം കുട്ടിയാണെന്നാണ് പറയുന്നത്. ദ്വിഭാഷിയെ ഉപയോഗിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ആക്രമണ സ്വഭാവ പ്രകൃതമുള്ള പ്രതി ഇതിനുമുമ്ബും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പോലീസിന് സംശയമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായിരിക്കുന്നതിനാല്‍ പ്രശ്നം ഗൗരവമായി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
നീനയുടെ അമ്മ ബീന മാത്രം വീട്ടിലുള്ളൂവെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി വീട്ടില്‍ അതിക്രമിച്ചുകയറിയത്. ഹിന്ദിയില്‍ ആക്രോശം നടത്തിയാണ് കുട്ടിക്കായി പിടിവലി നടത്തിയത്. കൈയില്‍ ബ്ലെയിഡും വടിയും കരുതിയാണ് ആക്രമണം നടത്തിയത്. അതിനിടെ പുത്തന്‍വേലിക്കരയിലും സമീപപ്രദേശങ്ങളിലും 25 അംഗ ആക്രമണ സ്വഭാവമുള്ള സംഘം രാത്രി സമയങ്ങളില്‍ കറങ്ങിനടക്കുന്നതായും പോലീസ് സൂചന നല്‍കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ വീട്ടില്‍ തനിച്ചിരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നുണ്ട്. വീട് അടച്ച്‌ യാത്ര പോകുന്നവര്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. രാത്രിയില്‍ അസാധാരണ ശബ്ദമോ, കോളിങ് ബെല്ലോ കേട്ടാല്‍ ജനല്‍ തുറന്ന് പരിസരം വീക്ഷിച്ചതിനുശേഷം അത്യാവശ്യമാണെങ്കില്‍ മാത്രമേ വാതില്‍ തുറക്കാവൂ. അടുക്കള ഭാഗത്തെ വാതില്‍ അതിയായ ബലമുള്ളതും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക, അയല്‍വാസികളുടെ ഫോണ്‍ നമ്ബറുകള്‍ കരുതി വയ്ക്കുക, അക്രമികളെ നേരിടേണ്ടതോ, എതിരിടേണ്ടതോ ആയ അവസ്ഥയുണ്ടായാല്‍ തനിച്ച്‌ നേരിടാതെ അയല്‍വാസികളെ വിളിച്ചുകൂട്ടിയായിരിക്കണം നേരിടേണ്ടതെന്നും പോലീസ് നിര്‍ദേശിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *