ഐപിഎല്‍ ഒത്തുകളി: വിധി പറയുന്നത് മാറ്റി

download (6)ദില്ലി: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ ഒത്തുകളി കേസില്‍ വിധി പറയുന്നത് ദില്ലി പ്രത്യേക കോടതി ജൂലൈ 25ലേക്ക് മാറ്റി. കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കുമോ ഇല്ലയോ എന്നതിലാണ് കോടതി ഇന്ന് (29-06-2015) വിധി പറയാനിരുന്നത്. എന്നാല്‍ കേസിന്റെ വിധി തയാറാക്കുന്ന ജോലികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് വിധി പറയുന്നത് കോടതി മാറ്റിവെച്ചത്.

കോടതി അവധിയായിരുന്നതിനാലാണ് വിധി തയാറാക്കുന്നത് വൈകിയതെന്നാണ് വിശദീകരണം. നേരത്തെയും ഇതേ കാരണത്താല്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്തായാലും കോടതി ഉത്തരവിനായി ക്ഷമയോടെ കാത്തിരിക്കുമെന്ന് വിധി കേള്‍ക്കാന്‍ ദില്ലിയിലെത്തിയ ശ്രീശാന്ത് പ്രതികരിച്ചു. വിധി പറയുന്നത് ഒരുമാസം കൂടി നീട്ടിയതോടെ പരിശീലനത്തിന് കൂടുതല്‍ സമയം ലഭിക്കുമെന്നും ഇന്ത്യന്‍ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമമായ മക്കോക്ക നിയമം ചുമത്തിയാണ് ഐ പി എല്‍ വാതുവെപ്പ് കേസിലെ കുറ്റപത്രം ദില്ലി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായിരുന്ന ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരും, അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീല്‍ ഉള്‍പ്പടെ 39 പ്രതികളാണ് കേസിലുള്ളത്.

വഞ്ചനാ കുറ്റത്തിനുള്ള ഐ പി സി 420, ഗൂഡാലോചനക്കുള്ള 120 ബി വകുപ്പുകളായിരുന്നു കേസില്‍ ആദ്യം പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. പിന്നീട് നിരവധി പേര്‍ ഉള്‍പ്പെട്ട കേസായതുകൊണ്ട് മക്കോക്ക നിയമം ചുമത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *