ബാര്‍ കോഴ കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ചെന്നിത്തല


Ramesh-Chennithala-Malayalamnewsതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ യു ഡി എഫിലും കോണ്‍ഗ്രസിലും നിന്ന് തനിക്ക് കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നു എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ ആ സമ്മര്‍ദ്ദങ്ങള്‍ക്ക് താന്‍വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.


ബാര്‍ കേസ് തന്നെ ഒരു തരം സമ്മര്‍ദ്ദമാണെന്നും അദ്ദേഹം നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസിന് മറുപടിയായി പറഞ്ഞു. സമ്മര്‍ദ്ദമുണ്ടായെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.


‘ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. അത് എന്റെ വ്യക്തവും സുനിശ്ചിതവുമായ നിലപാടായിരുന്നു. ഈ നിലപാട് കൈക്കൊണ്ടതിന്റെ പേരിലാണ് തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായത്. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ല, മന്ത്രി എന്ന നിലയില്‍ താനത് കാണേണ്ട കാര്യവുമില്ല. വിന്‍സണ്‍ എം.പോളിനെപ്പോലെ സത്യ സന്ധനും പ്രഗത്ഭനുമായ ഒരു ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചത്. അവിടെ പുറമെ നിന്നുള്ള ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും പ്രസക്തിയില്ലന്ന് തന്നെയാണ് തന്റെ വിശ്വാസം.

കേരളത്തിലാദ്യമായിട്ടായിരിക്കും ഒരു മന്ത്രിക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്ത് ഇത്ര വിപുലവും വ്യാപകമായ അന്വേഷണവും തെളിവെടുപ്പും ഉണ്ടാകുന്നത്. വിജിലന്‍സിന് മേല്‍ ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ ഒന്നും തന്നെയുണ്ടായില്ലന്ന് ഇതില്‍ നിന്ന് മനസിലാക്കാം. അന്വേഷണ ഉദ്യേഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് കോടതിക്കാണ്. പ്രസ്തുത റിപ്പോര്‍ട്ട് തള്ളുന്നതും, കൊള്ളുന്നതുമെല്ലാം കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്’ – ഇതായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.



Sharing is Caring