ഏഷ്യാ കപ്പ് ടി20: ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ഇന്ന്

ഇന്ത്യയും പാകിസ്താനും തമ്മില്‍ വീണ്ടുമൊരു ക്രിക്കറ്റ് പോരിനു അരങ്ങുണര്‍ന്നു. ഏഷ്യ കപ്പ് ടി20 പോരാട്ടത്തിലാണ് ഇരുവരും ഇന്നു മുഖാമുഖം വരുന്നത്. നിലവില്‍ ഐ.സി.സിയുടെ പോരാട്ട ഭൂമികയില്‍ മാത്രം കളിക്കാനിറങ്ങുന്ന ഇന്തോ- പാക് സംഘങ്ങള്‍ 2015ലെ ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരിനു ശേഷം ആദ്യമായാണ് ഏറ്റുമുട്ടാനിറങ്ങുന്നത്. എക്കാലത്തും ഇന്ത്യ- പാക് ക്രിക്കറ്റ് ആവേശത്തിന്റെ കൊടുമുടി കയറാറുണ്ട്. ഇന്നും അതു പ്രതീക്ഷിക്കാവുന്നതാണ്.

നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര ചര്‍ച്ചകള്‍ സജീവമായി നിലനിന്നിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ അതു നടക്കാതെ പോയി. അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന വിഷയത്തിലും പാക് ടീം ആദ്യ സംശയം പ്രകടിപ്പിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാക് ബോര്‍ഡ് അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ വിഷയത്തില്‍ ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ നയം വ്യക്തമാക്കിയതോടെ പാകിസ്താന്‍ സര്‍ക്കാര്‍ ടീമിനെ അയക്കാന്‍ ഇക്കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോള്‍ പാക് നിരയിലെ ആറോളം താരങ്ങള്‍ ആദ്യമായാണ് ഇന്ത്യക്കെതിരേ കളിക്കാനിറങ്ങുന്നത്. മറിച്ച് ഇന്ത്യന്‍ നിരയില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ള ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രിത് ബുമ്‌റയും മാത്രമാണ് പാക് ടീമിനെതിരേ കളിക്കാത്ത താരങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *