ഏനാത്ത് പാലം; പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് അന്വേഷിക്കും : ജി സുധാകരന്‍

കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കരയിലെ ഏനാത്ത് പാലം അകാലത്തില്‍ തകരുവാനുണ്ടായ സാഹചര്യം കണ്ടെത്താനും, അതിന് ഉത്തരവാദികള്‍ ആരെല്ലാമാണെന്ന് വിശദമായി അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാനും പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

പാലത്തില്‍ തകരാര്‍ ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വിദഗ്ധ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയും പരിശോധനയില്‍ രണ്ടാമത്തെ പിയറിന്റെ അടിത്തറയായ ഇരട്ട കിണറിന്റെ കോണ്‍ക്രീറ്റ് സ്റ്റീനിങ്ങ് ഇളകിപ്പോയതായും, ദുര്‍ബലപ്പെട്ടതായും കാണപ്പെട്ടു. പാലം നിര്‍മ്മാണത്തിനു ശേഷം നടത്തിയ അനധികൃത മണലൂറ്റ് കാരണം അടിത്തട്ടില്‍ മണ്ണിന്റെ അളവ് കുറവുണ്ടായതായി കാണുന്നു. ഇത് ഫൌണ്ടേഷന് കേടുവരുന്നതിനു കാരണമായിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പാലം ഡിസൈനിംഗിലും നിര്‍മ്മാണത്തിലും വിദഗ്ധനായ ചെന്നൈ ഐഐടിയില്‍ നിന്നും വിരമിച്ച പ്രൊഫസര്‍ അരവിന്ദന്‍ നടത്തിയ പരിശോധനയില്‍ പിയറിന്റെ ചരിവ് ഉറപ്പാക്കുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതോടൊപ്പം നിര്‍മ്മാണഘട്ടത്തില്‍ ന്യൂനതയുണ്ടായിരുന്നോ എന്നും, ഇതില്‍ ഉത്തരവാദികള്‍ ആരെല്ലാമെന്നും അടിയന്തിരമായി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ പോലീസ് വിജിലന്‍സിന്റെ പരിഗണനയ്ക്കായി ഈ വിഷയം വിടണമോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *