എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡി ജി പിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് നല്‍കും


എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തിനുള്ള സമയപരിധി ഇന്നക തീരും. ആരോപണങ്ങളില്‍ ഡി ജി പിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് നല്‍കും. അന്‍വറിന്റെ പരാതിയിലും ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡി ജി പിയുടെ നിലപാടാണ് ഏറെ നിര്‍ണ്ണായകമായിരിക്കും. എ ഡി ജി പിക്കെതിരെ നടപടിവേണമെന്ന ആവശ്യവുമായി സി പി ഐ ശക്തമായി രംഗത്തുണ്ട്.


അന്വേഷണ സംഘത്തിലുള്ള തൃശൂര്‍ റെയ്ഞ്ച് ഡി ഐ ജി ഉള്‍പ്പെടെ നാല് അംഗങ്ങള്‍ തലസ്ഥാനത്ത് കഴിഞ്ഞ് മൂന്നു ദിവസമായി ക്യാമ്പ് ചെയ്താണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്. ഈ റിപ്പോര്‍ട്ടിലാണ് ഡി ജി പി സ്വന്തം അഭിപ്രായം രേഖപ്പെടുത്തി നല്‍കിയത്.


റിപ്പോര്‍ട്ടിന്റെ പുറത്ത് ഇന്ന് തന്നെ അജിത് കുമാറിനെതിരെ നടപടി എടുക്കുമെന്ന പ്രതീക്ഷയിലാണ് സി പി ഐ. അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ് പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം.

അനധികൃത സാമ്പത്തിക സമ്പാദനവും, മരംമുറിയും വിജിലന്‍സിന് കൈമാറി. പൂരം അട്ടിമറിയും ഫോണ്‍ ചോര്‍ത്തലും റിപ്പോര്‍ട്ടായി സര്‍ക്കാരിന് മുന്നിലുണ്ട്. എ ഡി ജി പിയുടെ ആര്‍ എസ് എസ് കൂടിക്കാഴ്ച അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് ഏറ്റവുമൊടുവിലാണ്. മാമി തിരോധാന കേസ് രണ്ട് പ്രാവശ്യം എഡി ജി പി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്.



Sharing is Caring