എല്‍ഡിഎഫ് മികവാര്‍ന്ന വിജയം നേടും: പിണറായി

വെള്ളാപ്പള്ളിയുടെ പാര്‍ടിയിലൂടെ ആര്‍എസ്എസിനെ ശക്തിപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ശ്രമം വിലപ്പോവില്ലെന്നും കേരളത്തില്‍ എല്‍ഡിഎഫ് മികവാര്‍ന്ന വിജയം നേടുമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കുട്ടനാട്, ഹരിപ്പാട്, മാവേലിക്കര, കായംകുളം മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിനെ ശക്തിപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിയിലൂടെ ശ്രമിക്കുന്നത്. ഇതു അപകടകരമാണെന്ന് കേരളത്തിന്റെ മതനിരപേക്ഷമനസ് തിരിച്ചറിയുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുഫലം ഇതിനു തെളിവാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ഇതുതന്നെയാകും.
ശ്രീനാരായണധര്‍മം പിന്തുടരുന്ന എസ്എന്‍ഡിപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രം തമ്മില്‍ യോജിക്കില്ല. പിന്നോക്കവിഭാഗങ്ങള്‍ അനുഭവിക്കുന്ന സംവരണം എടുത്തുകളയണം എന്നാണ് ആര്‍എസ്എസ് നയം.

ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. കൃഷിയെയും കൃഷിക്കാരെയും സ്നേഹിക്കുന്ന മനസ് ഇല്ലാത്തവരായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറി. 2001–06 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ അനുഭവംതന്നെ ഈ സര്‍ക്കാരിന്റെ കാലത്തും ഉണ്ടായി. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു എന്നതാണ് ഈ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഏകനേട്ടം. കാര്‍ഷികവിളകള്‍ക്ക് ന്യായവില കിട്ടുന്നില്ല. വിലക്കയറ്റം സാര്‍വത്രികമായി. സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമായി.
ഇനി അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ യുഡിഎഫ് എല്ലാമേഖലയിലും അഴിമതി വ്യാപകമാക്കി നേട്ടമുണ്ടാക്കുകയാണ്. അഴിമതിയുടെ നായകത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു തന്നെ. ഏതു പ്രതിസന്ധിയിലും പതറാത്ത നേതാവ് എന്നാണ് കോണ്‍ഗ്രസുകാര്‍ ഉമ്മന്‍ചാണ്ടിയെ വിശേഷിപ്പിക്കുന്നത്. തനിക്കെതിരെ വിവിധ കോടതികളില്‍നിന്നു വന്ന വിധി ഉമ്മന്‍ചാണ്ടി അംഗീകരിക്കുന്നില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിനും കഴിയുന്നില്ല. അത്രമേല്‍ ജീര്‍ണിച്ച കോണ്‍ഗ്രസ് ഒരു പാര്‍ടിയേ അല്ലാതായി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഐടി മേഖലയിലുണ്ടായ തിരിച്ചടി അതിജീവിക്കാന്‍ എല്‍ഡിഎഫ് ശക്തമായ നടപടി സ്വീകരിക്കും. ഇലക്ട്രോണിക് മേഖലയില്‍ നമ്മുടെ അഭിമാന സ്ഥാപനമായ കെല്‍ട്രോണിനെ ശക്തിപ്പെടുത്തണം. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാതെതന്നെ പൊതുവിതരണ ശൃംഖലവഴി യഥേഷ്ടം ലഭ്യമാക്കും. തെരഞ്ഞെടുപ്പില്‍ എന്തു നിലപാടു സ്വീകരിക്കണമെന്നത് സംബന്ധിച്ച് ജനങ്ങള്‍ ഇതിനകം നിലപാടു സ്വീകരിച്ചുകഴിഞ്ഞു. സ്വന്തം ജീവിതാനുഭവത്തില്‍നിന്ന് അവര്‍ സ്വീകരിച്ച ഈ നിലപാട് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്നതാണ്. വികസനത്തിന്റെ പാതയിലൂടെ സംസ്ഥാനത്തെ മുന്നോട്ടുനയിക്കുവാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വന്‍ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്ന് പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *