നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി സന്ധ്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപിന്റെ ജാമ്യ ഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി സന്ധ്യ തന്നെ ചോദ്യം ചെയ്തതെന്നാണ് ദിലീപിന്റെ ആരോപണം. മഞ്ജു വാര്യരും സംവിധായകന് ശ്രീകുമാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി താന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന ക്യാമറ എഡിജിപി ഓഫ് ചെയ്തെന്നും ദിലീപ് ആരോപിച്ചു.
അതേസമയം ഹൈക്കോടതിയില്‍ വീണ്ടും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സിനിമയിലെ ശക്തരായ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയ്ക്ക് താന്‍ ഇരയാണെന്ന വാദമാണ് ദിലീപ് ഉയര്‍ത്തിയത്. മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചു. പള്‍സര്‍ സുനിയെ തനിയ്ക്ക് മുഖപരിചയമില്ല. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി നടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഗൂഢാലോചന നടത്തിയത് ഒന്നു മുതല്‍ ആറ് വരെ പ്രതികളാണെന്ന ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലിന് വിരുദ്ധമായാണ് തന്നെ പ്രതിചേര്‍ത്തതെന്നും ദിലീപ് ആരോപിക്കുന്നു.
പള്‍സര്‍ സുനിയുടെ കത്ത് കിട്ടി 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്ന, പ്രോസിക്യൂഷന് വാദം തെറ്റാണ്. കത്ത് കിട്ടിയ ദിവസം തന്നെ വാട്സ് ആപ്പ് വഴി ഡിജിപിയ്ക്ക് കത്ത് കൈമാറിയിരുന്നു. പള്‍സര്‍ സുനി കൊടുത്തയച്ച കത്തില്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി വിൡ ഫോണ്‍ കോളില്‍ ഈ തുക പറയുന്നതിനാലാണ് പൊലീസിന് നല്കിയ പരാതിയില്‍ ഉള്‍പ്പെടുത്തിയതെന്നും ദിലീപ് പറയുന്നു.
അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാനിരിക്കുന്നതുമായ സിനിമകള്‍ പ്രതിസന്ധിയിലായെന്നും ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെ ഇത് ബാധിച്ചെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.













