ഉമ്മന്‍ ചാണ്ടിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കത്ത്

മുഖ്യമന്ത്രിക്ക് എതിരെ ഹൈക്കമാന്‍ഡിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത്. ഉമ്മന്‍ ചാണ്ടിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ നിരത്തുന്ന കത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണ്ണമായും തകര്‍ന്നതായും ബിജെപി വന്‍ശക്തിയായതായും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കത്ത് തന്‍േറതല്ലെന്നാണ് ചെന്നിത്തല അവകാശപ്പെടുന്നത്.

ഈഴവ വിഭാഗത്തിന് പിന്നാലെ കേരളത്തിലെ നായര്‍ സമുദായവും കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയുമായി കൈകോര്‍ക്കുകയാണെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടികളാണ് ഇരു വിഭാഗങ്ങളെയും കോണ്‍ഗ്രസില്‍ നിന്നും അകറ്റിയത്. കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസിന് വലിയ പിന്തുണ നല്‍കിയിരുന്ന നായര്‍ വിഭാഗം ബിജെപിയെ പിന്തുണയ്ക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തുന്നുണ്ട്. ഈഴവ വിഭാഗം ബിജെപിയുമായി സഖ്യത്തിലെത്തിയത് ബിജെപിക്ക് വലിയ പ്രയോജനമായി. വന്‍ ശക്തിയായി ബിജെപി വളരുകയാണെന്നും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ബിജെപി ശക്തമായ സാന്നിധ്യമായെന്നും ചെന്നിത്തല പറയുന്നു.

തിരുവനന്തപുരം ജില്ലയില്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി ബിജെപി മാറി. ബിജെപിയുടെ വളര്‍ച്ചയെപ്പറ്റി ശക്തമായ പഠനവും വിശകലനവും അത്യാവശ്യമാണ്. പക്ഷപാതപരവും ഏകാധിപത്യ പ്രവണതയും കോണ്‍ഗ്രസില്‍ നിന്നും ജനങ്ങളെ അകറ്റിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലഭിക്കണമെങ്കില്‍ തെറ്റുതിരുത്തല്‍ ഉണ്ടാകണം. ഈ നേതൃത്വവുമായി മുന്നോട്ടു പോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ചെന്നിത്തലയുടെ കത്തില്‍ പറയുന്നു.തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാണ് ചെന്നിത്തല സോണിയാഗാന്ധിക്ക് കത്തയച്ചതെന്ന വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ച ഇക്കണോമിക് ടൈംസ് ദിനപത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *