ഈ നിലയ്ക്ക് പോയാല്‍ കോണ്‍ഗ്രസ് അടുത്ത 50 വര്‍ഷവും പ്രതിപക്ഷത്തുതന്നെ ഇരിക്കും; നേതൃത്വത്തിനെതിരെ വീണ്ടും ഗുലാം നബി ആസാദ്

ന്യുഡല്‍ഹി: കോണ്‍ഗ്രസിലെ സംഘടനാ പരാജയം തുറന്നുകാട്ടി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് വീണ്ടും രംഗത്തെത്തി. പ്ര വര്‍ത്തന സമിതിയിലേക്കും സംസ്ഥാന അധ്യക്ഷന്മാരുടെയും അടക്കമുള്ള ഉന്നത പദവികളിലെ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും പ്രതിപക്ഷത്ത് ഇരിക്കാനാവും കോണ്‍ഗ്രസിന് വിധി. പാര്‍ട്ടി നേതൃത്വത്തില്‍ വലിയ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കന്മാരില്‍ പ്രമുഖനാണ് ഗുലാം നബി. ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ വിവാദം മൂര്‍ച്ഛിച്ചിരിക്കേയാണ് നിലപാട് കടുപ്പിച്ച്‌ ഗുലാം നബി വീണ്ടും രംഗത്തെത്തുന്നത്.

”കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കപ്പെട്ട സമിതികളില്ല. ഇങ്ങനെ 10-15 വര്‍ഷം കൂടി തള്ളിപ്പോയേക്കാം. ഒന്നിനു പിന്നാലെ ഒന്നായി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയാണ്. തിരിച്ചുവരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എന്റെ പാര്‍ട്ടി അടുത്ത 50 വര്‍ഷത്തേക്ക് പ്രതിപക്ഷത്ത് ഇരിക്കാനാണ് താല്‍പര്യപ്പെടുന്നതെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പിന്റെ ഒരാവശ്യവുമില്ല.”- ഗുലാം നബി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.

സഞ്ജയ് ഗാന്ധിയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഗുലാം നബി ജമ്മു കശ്മീരിലെ അനിഷേധ്യ നേതാവുമാണ. 2002ലെ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ പാര്‍ട്ടിയുണ്ടാക്കിയ നേട്ടത്തിനു പിന്നില്‍ ഗുലാം നബിയുടെ പ്രവര്‍ത്തനമായിരുന്നു. നിലവില്‍ രാജ്യസഭാംഗമായ ഗുലാം നബിയുടെ കാലാവധി 2021 ഫെ്രബുവരിയില്‍ അവസാനിക്കും.

പദവികള്‍ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണ് സംഘടനാ തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത്. ‘അപ്പോയിന്റ്‌മെന്റ് കാര്‍ഡുകള്‍’ വഴി നിയമനം ലഭിച്ചവരാണ് ഇവരില്‍ ഏറെയും. തിരഞ്ഞെടുപ്പ് നടന്നാല്‍ ഒന്നുമല്ലാതാകുമെന്ന ഭയക്കുന്ന സംസ്ഥാന അധ്യക്ഷന്മാരും ജില്ലാ, ബ്ലോക്ക് അധ്യക്ഷന്മാരുമാണ് തങ്ങളുടെ നിര്‍ദേശത്തെ ആക്രമിക്കുന്നത്. പാര്‍ട്ടിയില്‍ കലര്‍പ്പില്ലാതെ പ്രവര്‍ത്തനം നടത്തുന്നവര്‍ തങ്ങളുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യും. പാര്‍ട്ടിയിലെ എല്ലാ പദവികളും പ്രവര്‍ത്തകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്.

പാര്‍ട്ടിയഇല 51 ശതമാനം പേരുടെ എങ്കിലും പിന്തുണ ഉണ്ടെങ്കിലെ തിരഞ്ഞെടുപ്പ് കൊണ്ട് ഒരാള്‍ക്ക് ഗുണമുണ്ടാകൂ. ഇന്ന അധ്യക്ഷന്മാരാകുന്നവരില്‍ ഏറെയും പേര്‍ക്ക് ഒരു ശതമാനം പോലും പിന്തുണയില്ല. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ അവരെ നീക്കാനാവില്ല. പിന്നെ എന്താണ് പ്രശ്‌നം. ഗുലാം നബി ചോദിക്കുന്നു.

മുന്‍ മന്ത്രിമാരും എം.പിമാരുമടക്കം 23 പേരാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. നേതൃത്വത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവണമെന്നും പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കണമമെന്നും കൂട്ടായാ തീരുമാനങ്ങളും പൂര്‍ണ്ണ സമയ അധ്യക്ഷനുമുണ്ടകണമെന്നുമാണ് ഇവര്‍ അയച്ച കത്തിന്റെ ഉള്ളടക്കം. തിങ്കളാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഈ നേതാക്കള്‍ക്കെതിരെ യുവ തലമുറയടക്കം വലിയ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. സോണിയ ഗാന്ധി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍, കത്തയച്ച സമയം ഉചിതമായില്ലെന്നാണ് ഇവരുടെ വിമര്‍ശനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *