ഇമ്രാന്‍ഖാന്റെ രാജിയാവശ്യപ്പെട്ട് പാകിസ്താനില്‍ പ്രതിപക്ഷകക്ഷികളുടെ കൂറ്റന്‍ പ്രതിഷേധറാലി

ഇസ്‍ലാമാബാദ്: പാകിസ്താനില്‍ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളുടെ കൂറ്റന്‍ പ്രതിഷേധറാലി. പ്രമുഖ മതസംഘടനയായ ജാമിയത്ത് ഉലെമ ഇ ഇസ്‍ലാം ഫസല്‍ (ജെ.യു.എല്‍.-എഫ്) നേതാവ് മൗലാന ഫസലുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഇസ്‍ലാമാബാദില്‍നടന്ന റാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു.

രാജ്യത്ത് സാമ്ബത്തികപ്രതിസന്ധിയും കശ്മീര്‍വിഷയവും കത്തിനില്‍ക്കെ ഇമ്രാന്‍സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് റാലി. ഒക്ടോബര്‍ 27-ന് സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലുള്ള സോഹ്രാബ് ഗോതില്‍നിന്നാരംഭിച്ച റാലി അഞ്ചാംദിവസമാണ് അന്തിമകേന്ദ്രമായ പെഷാവര്‍ മോറിലെത്തിയത്. പ്രതിപക്ഷപാര്‍ട്ടികളായ പാകിസ്താന്‍ മുസ്‍ലിംലീഗ്-നവാസും (പി.എം.എല്‍.എന്‍.) പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പി.പി.പി.) മാര്‍ച്ചിനെ പിന്തുണച്ചു.

2018-ലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ഇമ്രാന്‍ഖാന്‍ അധികാരത്തിലെത്തിയതെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. സൈന്യത്തിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായതുമുതല്‍ ഇമ്രാന്‍ ഈ ആരോപണം നേരിടുന്നുണ്ട്. കടുത്ത സാമ്ബത്തികപ്രതിസന്ധി നേരിടുന്ന പാകിസ്താനില്‍ വര്‍ധിക്കുന്ന ധനക്കമ്മിയും പണപ്പെരുപ്പവും പിടിച്ചുനിര്‍ത്താന്‍ ഇമ്രാന്‍സര്‍ക്കാരിന് കാര്യക്ഷമതയില്ലെന്നും അവര്‍ ആരോപിക്കുന്നു.

ഇമ്രാന്റെ കെടുകാര്യസ്ഥതയും ദുര്‍ഭരണവുമാണ് രാജ്യത്തെ സാധാരണക്കാരുടെ ദുരിതം വര്‍ധിപ്പിച്ചതെന്ന് ഫസലുര്‍ റഹ്മാന്‍ പറഞ്ഞു. ഇമ്രാന്‍ രാജിവെക്കുന്നതുവരെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.പി.പി. നേതാവ് ബിലാവല്‍ അലി ഭൂട്ടോ, പി.എം.എല്‍.എന്‍. നേതാവ് ഷഹബാസ് ഷരീഫ് എന്നിവര്‍ റാലിയില്‍ പ്രസംഗിച്ചു. ‘പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാന്‍ ഇമ്രാന്‍ഖാന് സമയമായെന്ന വ്യക്തമായ സന്ദേശം നല്‍കാനാണ് പ്രതിപക്ഷപാര്‍ട്ടികളെല്ലാം ഒരുവേദിയില്‍ ഒന്നിച്ചുചേര്‍ന്നത്. ഒരു ഏകാധിപതിക്കുമുന്നില്‍ തലകുനിക്കാന്‍ തയ്യാറല്ല. അധികാരത്തിന്റെ കേന്ദ്രം ജനങ്ങളാണ്, സര്‍ക്കാരല്ല’ -ബിലാവല്‍ പറഞ്ഞു. അവസരം ലഭിച്ചാല്‍ ആറുമാസത്തിനുള്ളില്‍ രാജ്യത്തെ സാമ്ബത്തികപ്രതിസന്ധിക്ക് പരിഹാരംകാണുമെന്ന് ഷഹബാസ് ഷരീഫ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *