ഇന്ത്യക്കു നേട്ടം : ആണവവിതരണ ഗ്രൂപ്പ്‌ അംഗത്വം: ഇന്ത്യക്കു യു.എസ്‌. പിന്തുണ

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യക്ക്‌ നിര്‍ണായകമുന്നേറ്റം. ആണവ വിതരണ ഗ്രൂപ്പ്‌ (എന്‍.എസ്‌.ജി) അംഗത്വത്തില്‍ ഇന്ത്യക്ക്‌ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാനായതും മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ ഗ്രൂപ്പി(എം.ടി.സി.ആര്‍)ല്‍ അംഗത്വമുറപ്പാക്കിനായതും നേട്ടം.
ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവയ്‌ക്കാത്ത ഇന്ത്യക്ക്‌ എന്‍.എസ്‌.ജിയില്‍ പ്രവേശനം നല്‍കരുതെന്ന ചൈന അടക്കമുള്ളവരുടെ വാദം തള്ളിയാണ്‌ അമേരിക്ക നിലപാട്‌ വ്യക്‌തമാക്കിയത്‌.
എന്‍.എസ്‌.ജിയിലേക്കുള്ള കടന്നുവരവോടെ ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യ കൂടുതല്‍ ഗൗരവമായ സമീപനം സ്വീകരിക്കുമെന്ന്‌ അമേരിക്ക വിലയിരുത്തുന്നു. സിവില്‍ ആണവ കരാറും ദീര്‍ഘകാല സഹകരണവും ആണവ സുരക്ഷിതത്വത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധത വ്യക്‌തമാക്കുന്നതാണെന്ന്‌ യു.എസ്‌. സഹ സുരക്ഷാ ഉപദേഷ്‌ടാവ്‌ ബഞ്ചമിന്‍ റോഡ്‌സ്‌ പറഞ്ഞു.
ഊര്‍ജ ആവശ്യങ്ങള്‍ക്കായുള്ള ആണവ ഇന്ധനത്തിന്റെ തടസമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ നിലവില്‍ 48 രാജ്യങ്ങളുടെ കൂട്ടായ്‌മയായ എന്‍.എസ്‌.ജിയിലെ അംഗത്വം ഇന്ത്യക്കു പ്രയോജനപ്പെടും.
മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ ഗ്രൂപ്പി(എം.ടി.സി.ആര്‍)ലെ അംഗത്വം മിസൈല്‍ സാങ്കേതികവിദ്യാരംഗത്തെ നേട്ടമായി. 34 രാജ്യങ്ങളാണ്‌ എം.ടി.സി.ആറിലുള്ളത്‌.ഈ വര്‍ഷം സോളില്‍ ചേരുന്ന ഉച്ചകോടിയില്‍ ഇന്ത്യയ്‌ക്ക്‌ ഔദ്യോഗികമായി അംഗത്വം ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *