ഇടുക്കിയിലെ പട്ടയവിതരണം ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


ഇടുക്കിയിലെ പട്ടയവിതരണം ഇന്ന് ആരംഭിക്കും.മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഇടുക്കി ജില്ലയില്‍ എത്തുന്ന പിണറായി വിജയനാണ് ജില്ലയിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ വെച്ചു നടക്കുന്ന പട്ടയ മേളയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് .ആദ്യ ഘട്ടമായി 5500 പേര്‍ക്കാണ് പട്ടയം നല്‍കുക. റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ജില്ലയിലെ എംഎല്‍എമാര്‍, മറ്റു ജന പ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇടുക്കിയില്‍ ഉപാധിരഹിത പട്ടയമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇടുക്കിയില്‍ സര്‍ക്കാര്‍ നല്‍കുന്ന പട്ടയങ്ങള്‍ സോപാധികമാണെന്ന വിമര്‍ശനങ്ങള്‍ കാലാകാലങ്ങളില്‍ വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൊത്തം 5500 ഓളം പട്ടയമാണ് ഞായറാഴ്ച ഇടുക്കിയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 3500 പട്ടയങ്ങളും 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 1977 ജനുവരി 1നു മുമ്ബ് കുടിയേറിയ കര്‍ഷകര്‍ക്കാണ്. കേന്ദ്രാനുമതിയോടെ നല്‍കുന്ന ഈ പട്ടയങ്ങള്‍ ഉപാധിരഹിതമാണ്.




Sharing is Caring