ഗാസിയാബാദ്: ബൈക്കില്‍ എത്തിയ സംഘം ആസിഡ് അക്രമം നടത്തിയതിനെ തുടര്‍ന്ന് യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാസിയാബാദിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് ബൈക്കിലെത്തിയ രണ്ട്പേര് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ കൂടെ ഓട്ടോയില്‍ കൂടെയുണ്ടായവര്‍ക്കും പൊള്ളലേറ്റു.
യുവതിയുടെ മുഖത്താണ് കൂടുതല്‍ പൊള്ളലേറ്റത്. ആക്രമണത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ കൂടെ പണ്ട് ജോലി ചെയ്തിരുന്ന യുവതിയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. യുവതിയെ പേടിച്ച് കുറച്ച് നാളുകളായി പെണ്‍കുട്ടിയെ വീട്ടുകാരാണ് ഓഫീസില്‍ കൊണ്ടുവിടുന്നത്. അക്രമം നടന്ന ദിവസവും പെണ്‍കുട്ടിയുടെ അച്ഛനാണ് ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടത്. എന്നാല്‍ ഓട്ടോയില്‍ കയറി കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ എത്തി ആസിഡ് അക്രമം നടത്തിയതെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ പറയുന്നു.

നോയിഡിയിലെ ഒരു സ്ഥാപനത്തിലായിരുന്നു പെണ്‍കുട്ടിയും യുവതിയും ജോലി ചെയ്തിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ആ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറി. അതിനുശേഷം യുവതിയുമായുള്ള സുഹൃത്ത് ബന്ധം അവസാനിപ്പിക്കരുത് എന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്നു. എന്നാല്‍ യുവതിയുമായുള്ള സൗഹൃദം തുടരുന്നതിന് പെണ്‍കുട്ടിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ യുവതിയുമായി എന്നും പെണ്‍കുട്ടി വഴക്കിട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഇതിന്‍െ പേരില്‍ യുവതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താറുണ്ട്. യുവതി ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് പൊലീസില്‍ പെണ്‍കുട്ടി രണ്ട് തവണ പരാതി നല്‍കിയിരുന്നു.












