ആറ്റുകാല്‍ പൊങ്കാല ഇന്ന്‌


സ്‌ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ സമര്‍പ്പണത്തിന്റെ അഗ്‌നി വിശുദ്ധിയില്‍ ഇന്നു പൊങ്കാല. ക്ഷേത്രപരിസരവും കടന്ന്‌ പത്തു കിലോമീറ്ററോളം ദൂരത്തില്‍ പൊങ്കാലക്കലങ്ങള്‍ നിരന്നിരിക്കുന്നു. ഇക്കുറി 40 ലക്ഷം സ്‌ത്രീകള്‍ പൊങ്കാലയിടുമെന്നാണ്‌ സംഘാടകരുടെ കണക്കുകൂട്ടല്‍. കുംഭത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന ഇന്ന്‌ രാവിലെ പത്തിന്‌ അടുപ്പുവെട്ടോടെ പൊങ്കാല സമര്‍പ്പണച്ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ നിന്ന്‌ തന്ത്രി തെക്കേടത്ത്‌ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്‌ കത്തിച്ചു നല്‍കുന്ന ദീപം മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി തിടപ്പള്ളിയിലെത്തിച്ച ശേഷം പണ്ടാര അടുപ്പിലേക്ക്‌ അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്കു തുടക്കമാകും. അവിടെനിന്നുള്ള അഗ്‌നിനാളം ലക്ഷോപലക്ഷം അടുപ്പുകളിലേക്ക്‌ പകരുന്നതോടെ നഗരം യാഗശാലയാകും. ശര്‍ക്കരപ്പായസവും വെള്ളച്ചോറും മോദകവും പാല്‍പ്പായസവും മണ്ടപ്പുറ്റും തെരളിയുമൊക്കെ നിറയുന്ന കലങ്ങള്‍ക്കു സമീപമെത്തി ആറ്റുകാലമ്മ അനുഗ്രഹിക്കുമെന്നാണു വിശ്വാസം. ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കാണ്‌ പൊങ്കാല നിവേദ്യം. പ്ലാസ്‌റ്റിക്‌ വിമുക്‌തമായ പൊങ്കാലയ്‌ക്കായി ശുചിത്വ മിഷനും തിരുവനന്തപുരം കോര്‍പറേഷനും തീവ്രശ്രമമാണു നടത്തുന്നത്‌. കാരി ബാഗ അടക്കമുള്ള പ്ലാസ്‌റ്റിക്‌ സാമഗ്രികള്‍ ഒഴിവാക്കണമെന്ന്‌ ഭക്‌തരോടും സംഘാടകരോടും അഭ്യര്‍ഥിച്ചിട്ടുണ്ട്‌.




Sharing is Caring