ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്: സഭാ സുതാര്യസമിതി

കൊച്ചി: ഇന്ത്യ കോവിഡ് വ്യാപനത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു. കേരളത്തില്‍ ദിവസേന നൂറില്‍പ്പരം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ സീറോ മലബാര്‍ പള്ളികള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്നാവശ്യപ്പെട്ട് സഭാ സുതാര്യസമിതി (എഎംടി) ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്റണി കരിയിലിന് കത്തു നല്‍കി.

ലോകത്ത് വിവിധ രാജ്യങ്ങളില്‍ സാമൂഹിക വ്യാപനം തുടങ്ങിയത് ആരാധനാലയങ്ങളിലൂടെയാണന്നതു കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്ക് പള്ളികള്‍ തുറക്കുന്നത് വൈകിപ്പിക്കണമെന്നും അതിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കണമെന്നുമാണ് സമിതി ആവശ്യപ്പെട്ടത്. ‘

ഐഎംഎ ഇക്കാര്യത്തില്‍ നല്‍കിയ മുന്നറിയിപ്പ് മുഖവിലക്കെടുക്കണം. കേരള കത്തോലിക്കാ സഭയില്‍ ഭൂരിപക്ഷം മെത്രാന്മാരും 65വയസ്സിനു മുകളില്‍ ഉള്ളവരാണ്, അത് പോലെ തന്നെ 65വയസ്സില്‍ കൂടുതല്‍ ഉള്ള വൈദികര്‍ക്കും പള്ളിയില്‍ പ്രവേശിക്കാനോ വി.കുര്‍ബാന അര്‍പ്പിക്കാനോ ഗവണ്മെന്റ് നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ കഴിയില്ല. 65 വയസ്സിനു മുകളില്‍ പ്രായമുള്ള പുരോഹിതരും വിശ്വാസികളും രണ്ടാഴ്ചക്ക് ശേഷവും ആരാധനാലയങ്ങളില്‍ വരുന്നതും പൊതു ചടങ്ങുകള്‍ക്ക് പങ്കെടുക്കുന്നതും അനിശ്ചിതകാലത്തേക്ക് വിലക്കണം.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങളനുഭവിച്ച ഇടവകകളില്‍ അടിയന്തിര ഇടപെടലുകള്‍ ആവശ്യമായി വന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അതു നടത്തുവാന്‍ വേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കണ’മെന്നും സമിതി ആവശ്യപ്പെട്ടു. സഭാ സുതാര്യസമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവില്‍, സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, വക്താവ് ഷൈജു ആന്റണി തുടങ്ങിയവരാണ് കത്തില്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *