ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ്‌, നീക്കുപോക്ക് ദേശീയ തലത്തില്‍ മാത്രം

ബംഗളൂരു: ടിഡിപിയുമായി ദേശീയ തലത്തിലുള്ള സഹകരണം ആന്ധ്രാപ്രദേശില്‍ വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ബിജെപിക്ക് എതിരായ വിശാല സഖ്യത്തില്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ചെങ്കിലും ആന്ധ്രയില്‍ പോരാട്ടം ഒറ്റയ്ക്ക് മതിയെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. ടിഡിപിയുമായി ദേശീയ തലത്തില്‍ മാത്രമാണ് നീക്കുപോക്കെന്നും സംസ്ഥാനത്ത് എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പൊതുതെരെഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുകയാണ്. 175 അസംബ്ലി സീറ്റുകളിലും 25 ലോക്സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. തെലങ്കാനയില്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും ആന്ധ്രയില്‍ അതില്ലാത്തത് എന്തുകൊണ്ട് എന്നതിന് രണ്ടുകക്ഷികളും രാഷ്ട്രീയമായി ഉത്തരം പറയേണ്ടിവരും.

സഖ്യകാര്യത്തില്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനം എടുക്കുമെന്ന് പിസിസി അധ്യക്ഷന്‍ രഘുവീര റെഡ്ഢി പറഞ്ഞു. പക്ഷെ ഒറ്റക്ക് മത്സരിക്കുന്ന കാര്യത്തില്‍ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം അവസാനം നേതൃയോഗങ്ങള്‍ വീണ്ടും ചേരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അടുത്തമാസം സംസ്ഥാനമാകെ ബസ് യാത്ര നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു.

നായിഡുവിനും ടിഡിപിക്കും എതിരായ ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും സഖ്യമുണ്ടാക്കിയാല്‍ അത് ബാധ്യതയാകും എന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് ഇത് അനുകൂലമാകും. തെലങ്കാനയില്‍ ടിഡിപി സഖ്യം എട്ടുനിലയില്‍ പൊട്ടിയതും കോണ്‍ഗ്രസിന്‍റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഒറ്റക്ക് മത്സരിക്കുന്നത് സ്വാധീന മേഖലകളില്‍ ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. എന്നാല്‍ സീറ്റ് ചര്‍ച്ചകളിലേക്ക് പോകുന്നതിനു മുമ്ബേയുള്ള ഈ തീരുമാനം ഹൈകമാന്‍റിന്‍റെ ഇടപെടലിലൂടെ മാറാനും വിദൂര സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *