ആദ്യം മകള്‍, പിന്നെ പ്രധാനവകുപ്പും’; മുഹമ്മദ് റിയാസിന്റെ മന്ത്രിപദവിയില്‍ സുരേന്ദ്രന്റെ വര്‍ഗീയ പരാമര്‍ശം

രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഹമ്മദ് റിയാസിന് സ്ഥാനം നല്‍കിയതില്‍ വര്‍ഗീയപരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘ആദ്യം മകള്‍, പിന്നെ പ്രധാനവകുപ്പും. ലീഗിന്റെ കാര്യം കട്ടപ്പൊക’ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രനൊപ്പം എസ് സുരേഷും റിയാസിനെതിരെ രംഗത്തെത്തി. ‘സ്ത്രീധനമായി മന്ത്രിസ്ഥാനം കിട്ടിയ കേരളത്തിലെ പുതു മണവാളനാണ് റിയാസ്’ എന്നാണ് സുരേഷിന്റെ പരാമര്‍ശം. സുരേന്ദ്രന്റെയും സുരേഷിന്റെയും പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്.

സിപിഐഎം മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് സുരേന്ദ്രന്റെ ആദ്യ പോസ്റ്റ് ഇങ്ങനെ: ”സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കര്‍ക്ക് മുന്‍ഗാമിയുടെ അതേ യോഗ്യത. ആകെ മൊത്തം സ്വജനപക്ഷപാതം. പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും.”

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന പദവി മനപൂര്‍വ്വം ഒഴിവാക്കി, മുഖ്യമന്ത്രിയുടെ മുസ്ലീം മരുമകന്‍ എന്ന് വിശേഷിപ്പിച്ചാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ റിയാസിനെ സോഷ്യല്‍മീഡിയയില്‍ വിദ്വേഷപ്രചരണങ്ങള്‍ നടത്തുന്നതും അധിക്ഷേപിക്കുന്നതും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലേ ഒരുവിഭാഗം റിയാസിനെ ഉന്നമിട്ട് തുടങ്ങിയിരുന്നു. ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരായ അഭിപ്രായപ്രകടനങ്ങള്‍ കുറച്ചുദിവസത്തിനുള്ളില്‍ അവസാനിക്കും. എന്നാല്‍ മുഹമ്മദ് റിയാസിനെതിരെയുള്ള ആക്ഷേപങ്ങള്‍ തുടരുമെന്നാണ് നിരീക്ഷണങ്ങള്‍. ചില മലയാള മാധ്യമങ്ങളും അത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. പിണറായിയുടെ മരുമകന്‍ എന്ന വിശേഷണമാണ് ചില മാധ്യമങ്ങള്‍ കഴിഞ്ഞദിവസം മുഹമ്മദ് റിയാസിന് തലക്കെട്ടുകളില്‍ നല്‍കിയിരുന്നത്.
വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് സനല്‍ പറഞ്ഞത് ഇങ്ങനെ: ”ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റിയാസിനെ ആക്ഷേപിക്കാന്‍ ഉപയോഗിച്ചത് ജിഹാദി മന്ത്രി എന്ന പദമാണ്. കെ സുരേന്ദ്രന്റെ ഭ്രാന്തന്‍ നാവില്‍ നിന്നും വീഴുന്നതിനെക്കാള്‍, ഭയാനകമാണ്, നിഷ്പക്ഷകരെന്ന് നടിച്ചിരുന്നവരുടെ മനോവൈകൃതങ്ങളുടെ വെളിപ്പെടുത്തലുകള്‍. റിയാസ് എന്ന മന്ത്രി ഇനിയുള്ള അഞ്ചുകൊല്ലം അനുഭവിക്കേണ്ടി വരിക അതിഭീകര വേട്ടയാടലായിരിക്കും. ‘മുഖ്യമന്ത്രിയുടെ മരുമകന്‍’ എന്ന ടാഗ് കൂടി കഴുത്തില്‍ ഇട്ടുകൊടുത്തിരിക്കുന്നതിനാല്‍ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന അടിസ്ഥാനത്തിലായിരിക്കും മതവെറിയന്മാരും മാധ്യമങ്ങളും മുഹമ്മദ് റിയാസിനെ വേട്ടയാടാന്‍ ഇറങ്ങുക. സുരേന്ദ്രനും വാര്യരും പിന്നെയാ പണിക്കരുമൊക്കെ കേട്ടാലറയ്ക്കുന്ന പരദൂഷണങ്ങള്‍ വിളമ്പി (അതിനുള്ള സ്‌പേസുകള്‍ നമ്മുടെ ചാനലുകള്‍ കൂടുതല്‍ വിശാലമാക്കി കൊടുക്കും) മാത്രമാകില്ല, ബിജെപിയുടെ ഡല്‍ഹിയിലുള്ള ക്രിമിനല്‍ സംഘങ്ങള്‍ തങ്ങളുടെ കൈയിലുള്ള അധികാരം ഉപയോഗിച്ച് കൂടുതല്‍ ക്വട്ടേഷന്‍ ഏജന്‍സികളെ കേരളത്തിലേക്ക് ഇറക്കിയേും കളം അനുകൂലമാക്കാന്‍ ശ്രമിക്കും. അവര്‍ക്ക് ഗാലറിയിലിരുന്ന് കൈയടിച്ച് പ്രോത്സാഹനം കൊടുക്കാന്‍ യുഡിഎഫും ഉണ്ടാകും.”

നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ തന്നെ വിജയിച്ചാണ് മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയത്. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ റിയാസ് ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും റെക്കൊര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ പിഎം നിയാസിനെതിരെ 28,747 വോട്ട് നേടിയാണ് വിജയം. വിദ്യാര്‍ഥി-യുവജന സമരങ്ങളിലെ സജീവ മുഖമായ മുഹമ്മദ് റിയാസ് കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍പഠിക്കുന്ന സമയത്താണ് എസ്എഫ്‌ഐയിലൂടെ സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. ഫാറൂഖ് കോളേജില്‍ നിന്നും ബികോം ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *