പുതിയ ആളുകള്‍ വേണമെന്ന് പാര്‍ട്ടിയാണ് തീരുമാനിച്ചത്, അത് നടപ്പിലാക്കി’; അഭിപ്രായങ്ങള്‍ക്ക് രണ്ടുദിവസത്തെ ആയുസ് മാത്രമെന്നും ശൈലജ ടീച്ചര്‍

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ പുതിയ ആളുകള്‍ വരണമെന്ന് പാര്‍ട്ടിയാണ് തീരുമാനിച്ചതെന്നും അതാണ് നടപ്പിലാക്കിയതെന്നും കെകെ ശൈലജ ടീച്ചര്‍. പാര്‍ട്ടി തീരുമാനമാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരും ഇത്തവണ തുടരേണ്ടതില്ലെന്നത്. അത് എല്ലാവരും അംഗീകരിച്ചു. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെട്ടിനിരത്തല്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ശൈലജ ടീച്ചര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ കഴിവിന്റെ പരമാവധി താന്‍ ചെയ്‌തെന്നും തന്റെ സ്ഥാനത്ത് മറ്റൊരാള്‍ വന്നാലും അത് തന്നെ ചെയ്യുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ശൈലജ ടീച്ചര്‍ പറഞ്ഞത്: ”ഇത്തവണ പുതിയ ആളുകള്‍ വരണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. അതുകൊണ്ട് കഴിഞ്ഞ മന്ത്രിസഭയിലെ ആരും തുടരേണ്ടതില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പുതിയ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മന്ത്രിസഭ നിലവില്‍ വരണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. അതാണ് നല്ലതെന്നാണ് ഞങ്ങള്‍ എല്ലാവരും പാര്‍ട്ടിയും തീരുമാനിച്ചത്. അതാണ് നടപ്പിലായതും. വെട്ടിനിരത്തല്‍ ആരോപണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. പാര്‍ട്ടിയൊരു അവസരം നല്‍കുന്നു, അത് നമ്മള്‍ കൃത്യമായി ചെയ്യുന്നു. മന്ത്രിയെന്ന നിലയില്‍ കഴിവിന്റെ പരമാവധി ഞാന്‍ ചെയ്തു. എന്റെ സ്ഥാനത്ത് മറ്റൊരാള്‍ വന്നാലും അത് തന്നെ ചെയ്യും. അതില്‍ ശൈലജ ടീച്ചറെന്ന പ്രത്യേക വ്യക്തിയൊന്നുമില്ല.”

”എംഎല്‍എ എന്നത് അത്ര ചെറിയ ജോലിയൊന്നുമല്ല. പാര്‍ട്ടി നിശ്ചയിക്കുന്നത് എന്താണോ, അതാണ് ചെയ്യുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ അവരുടെ എംഎല്‍എയായിരിക്കാനാണ് വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചത്. ബാക്കി തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. അത് എന്തായാലും മട്ടന്നൂരിലെ ജനവും ഞാനും അംഗീകരിക്കേണ്ടതാണ്. ഇടതുമുന്നണിയുടെ തുടര്‍ഭരണമാണ് ജനം ആഗ്രഹിച്ചത്. അതില്‍ ഇന്ന അംഗം വേണമെന്ന് അവര്‍ വിചാരിക്കില്ല. ആരോഗ്യമന്ത്രിയെന്ന നിലയില്‍ എന്റെ സ്ഥാനത്ത് വേറൊരാള്‍ വന്നാലും അത് ഉത്തരവാദിത്വത്തോടെ തന്നെ ചെയ്യും. ഇടതുമുന്നണി സര്‍ക്കാരാണ് എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്തത്. അതില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഞാന്‍ ചെയ്തു. എനിക്ക് നല്‍കിയ പിന്തുണ, അടുത്ത വരുന്ന വ്യക്തിക്കും ജനങ്ങള്‍ നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നെക്കാളും മികച്ച രീതിയില്‍ ഇനി വരുന്നയാള്‍ ചെയ്യും.”

”ഒരുപാട് കഴിവുള്ളവരാണ് അടുത്ത മന്ത്രിമാര്‍. അവര്‍ക്ക് പ്രത്യേക ഉപദേശത്തിന്റെ കാര്യമില്ല. അഞ്ചു വര്‍ഷത്തെ അനുഭവത്തിന്റെ പുറത്ത്, സത്യസന്ധമായി പ്രവര്‍ത്തിക്കുക, പ്രശ്‌നങ്ങള്‍ കണ്ട് ഉടന്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്നാണ് അവരോട് പറയാനുള്ളത്. ആരോഗ്യവകുപ്പ് മന്ത്രിസ്ഥാനത്തേക്ക് എല്ലാവരും യോഗ്യരാണ്. ആരാണ് വകുപ്പ് കൈകാര്യം ചെയ്യുകയെന്നാണ് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ചരിത്രവിജയമാണ് ഇടതുമുന്നണി ഇത്തവണ നേടിയത്. നല്ല ഭൂരിപക്ഷത്തിലാണ് വന്നത്. അതുകൊണ്ട് പ്രതിസന്ധികളെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് മുന്നണിക്ക് കൂടിയെന്നാണ് എന്റെ വിശ്വാസം.സോഷ്യല്‍മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ക്ക് രണ്ടുദിവസത്തെ ആയുസ് മാത്രമായിരിക്കും. അതാണ് സമൂഹത്തിന്റെ രീതി.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *