ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച പരാതി ബോധിപ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ കാണാന്‍ എത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ബന്ധുക്കളെ ആശുപത്രിയിലെത്തി കാണാന്‍ ശ്രമിക്കവെയാണ് രാഹുലിനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രീവാളിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കസ്റ്റഡിയിലെടുത്ത രാഹുലിനെ അല്‍പനേരത്തിന് ശേഷം വിട്ടയച്ചിരുന്നു.

ഉച്ചയോടെയാണ് ഇരുവരും ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയത്. എന്നാല്‍,​ പൊലീസുകാര്‍ ഇവരെ ആശുപത്രിക്കുള്ളിലേക്ക് കടക്കാന്‍ അനുവദിക്കാതെ തടയുകയായിരുന്നു.രാഹുലിനോയും സിസോദിയയോടും മടങ്ങിപ്പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍,​ മരിച്ച വിമുക്തഭടന്റെ ബന്ധുക്കളെ കാണാതെ പോകില്ലെന്ന് നേതാക്കള്‍ ശഠിച്ചു. പലതവണ പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചതോടെ ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും മന്ദിര്‍ മാര്‍ഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ രാഹുല്‍ പൊലീസുകാരോട് ക്ഷുഭിതനായി. നരേന്ദ്ര മോദി സര്‍ക്കാരിനു നേരെ വിമര്‍ശനവും നടത്തി. ഇങ്ങനെയാണോ ജനാധിപത്യമുള്ള രാജ്യത്ത് നടക്കേണ്ടതെന്ന് രാഹുല്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ മന:സ്ഥിതി നിമിത്തമാണ് തനിക്ക് വിമുക്ത ഭടന്റെ കുടുംബാംഗങ്ങളെ കാണാന്‍ സാധിക്കാതിരുന്നത്. എന്തുവിലകൊടുത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണും. വിമുക്ത ഭടന്‍മാരുടെ ആവശ്യമനുസരിച്ച്‌ ഏറ്റവും അര്‍ഥവത്തായ രീതിയില്‍ ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *