ആകാശവാണി പ്രാദേശിക വാര്‍ത്ത 60 ന്റെ നിറവില്‍

ആകാശവാണി പ്രാദേശിക വാര്‍ത്തക്ക് ഇന്ന് ഷഷ്ഠിപൂര്‍ത്തി. 1957 ഓഗസ്റ്റ് 15 നാണ് തിരുവനന്തപുരം നിലയത്തില്‍ നിന്നും പ്രാദേശിക വാര്‍ത്ത പ്രക്ഷേപണം തുടങ്ങിയത്. അറുപതാണ്ട് തികയുമ്പോള്‍ വാര്‍ത്താ വിഭാഗത്തില്‍ നിന്നും ഏഴ് വാര്‍ത്താ ബുള്ളറ്റിനുകളാണ് പ്രക്ഷേപണം ചെയ്യുന്നത്. മലയാളം വാര്‍ത്തകള്‍ മുന്‍പ് ഡെല്‍ഹിയില്‍ നിന്നുമായിരുന്നു പ്രക്ഷേപണം. ഇതിന് മാറ്റം വരുത്തി ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് നേരിട്ടാണ് വാര്‍ത്താ ബുള്ളറ്റിന്‍ പ്രക്ഷേപണം. അനന്തപുരി എ.എഫ്.എം സ്റ്റേഷന്‍ കൂടാതെ കൊച്ചി, മഞ്ചേരി, കവരത്തി എന്നിവിടങ്ങളിലേക്കും എഫ്.എം വാര്‍ത്തകള്‍ തയ്യാറാക്കുന്നതും തിരുവനന്തപുരം പ്രാദേശിക വാര്‍ത്താ വിഭാഗമാണ്. കൂടാതെ വാര്‍ത്താധിഷ്ഠിത പരിപാടികളായ വാര്‍ത്താ തരംഗിണി, വാര്‍ത്താ വീക്ഷണം, നിയമസഭയില്‍ ഇന്ന്, ജില്ലാ വൃത്താന്തം എന്നിവയും തിരുവനന്തപുരം പ്രാദേശിക വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്നു. 1943 മാര്‍ച്ച് 12 നായിരുന്നു തിരുവനന്തപുരം നിലയം ഔദ്യോഗികമായി കമ്മിഷന്‍ ചെയ്തത്.
1950 മുതല്‍ നാട്ടുരാജ്യങ്ങളിലെ റേഡിയോ നിലയങ്ങളെ ഓള്‍ ഇന്ത്യാ റേഡിയോ ഏറ്റെടുത്ത് തുടങ്ങി. 1950 ഏപ്രില്‍ ഒന്നിന് ട്രാവന്‍കൂര്‍ റേഡിയോയും ഏറ്റെടുത്തപ്പോള്‍ തിരുവിതാംകൂര്‍ ദിവാന്റെ ഔദ്യോഗിക വസതിയിലേക്ക് ആകാശവാണിയുടെ ആസ്ഥാനം മാറ്റുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *