ആം ആദ്മി എം.എല്‍.എമാര്‍ വീണ്ടും വിവാദത്തില്‍: 27 പേര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്


ഡല്‍ഹി നിയമസഭയിലെ 27 ആം ആദ്മി പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ വീണ്ടും നടപടി. പ്രതിഫലം പറ്റുന്ന പദവി വഹിച്ചുവെന്ന് കേസില്‍ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എം.എല്‍.എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നവംബര്‍ 11നകം ഇവര്‍ വിശദീകരണം നല്‍കണം.
പല എം.എല്‍.എമാരും ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളുടെയും രോഗി കല്യാണ്‍ സമിതികളുടെ ചെയര്‍പഴ്സണ്‍ പദവികള്‍ വഹിക്കുന്നുണ്ടെന്നും അതുവഴി വേതനം കൈപ്പറ്റുന്നുണ്ടെന്നുമാണ് പരാതി. നിയമപരമായ അംഗീകാരം കൂടാതെയാണ് ഈ നടപടിയെന്നും പരാതിയില്‍ പറയുന്നു.
പുതിയ നടപടി നേരിടുന്നവരില്‍ ഏഴു പേര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പാകെ സമാനമായ പരാതി പരിഗണനയിലുണ്ട്.


പാര്‍ലമെന്‍ററി സെക്രട്ടറിമാരുടെ പദവി വഹിച്ച്‌ അധിക ശന്പളം കൈപ്പറ്റിയെന്ന പരാതിയാണ് നിലവിലുള്ളത്. അസംബ്ലി സ്പീക്കര്‍ രാം നിവാസ് ഗോയല്‍, ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ല, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ബന്ദന കുമാരി എന്നിവരാണ് നടപടി നേരിടുന്നവരില്‍ പ്രമുഖര്‍.




Sharing is Caring