അരീക്കോട്ടെ ലഹരിവേട്ട; ലഹരി സംഘങ്ങളെത്തേടിയുള്ള അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക്

മലപ്പുറം: അഞ്ചുകോടി വിലയുള്ള 750 ഗ്രാം മെഥിലിന്‍ ഡയോക്സി ആംഫിറ്റാമിന്‍ ലഹരിയുമായി അഞ്ചുപേര്‍ അരേക്കോട്ട് പിടിയിലായ കേസിലാണ് തമിഴ്നാട്ടില്‍ അന്വേഷണം.

കേരളത്തിലെ ഏജന്റുമാരായി പ്രവര്‍ത്തിച്ച കോഴിക്കോട് കൊടിയത്തൂര്‍ പന്നിക്കോട് പാലാട്ട് വീട്ടില്‍ മജീദ്, കോട്ടയം മീനച്ചല്‍ കീഴ്പറയാര്‍ മാങ്ങാത്ത് വീട്ടില്‍ പയസ് മാത്യു എന്നിവരെ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം തമിഴ്നാട്ടിലെത്തിയത്.

കേരളത്തെ പ്രധാന ലഹരിവിപണന കേന്ദ്രമാക്കാനുള്ള നീക്കം വ്യക്തമായതോടെയാണ് ഇതിനായി മലപ്പുറം ജില്ലാപോലിസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കരിപ്പൂര്‍ വഴി കൊണ്ടുവന്ന 18 ഗ്രാം എം ഡി എയുമായി കൊണ്ടോട്ടി സ്വദേശി നേരത്തേ പിടിയിലായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചെന്നൈ കേന്ദ്രമാക്കിയുള്ള വന്‍ ലഹരി മരുന്ന് വിതരണ സംഘത്തിലെത്തിയത്.
കേരളത്തിലെ വിതരണക്കാരാണെന്ന വ്യാജേനയാണ് തൂത്തുക്കുടിയിലും നാഗര്‍കോവിലിലും അന്വേഷണ സംഘം എത്തിയത്. മജീദ്, പയസ് മാത്യു എന്നിവരിലൂടെ തമിഴ് നാട് വിതരണ സംഘത്തെ കേരളത്തിലെത്തിക്കുകയായിരുന്നു.

രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങള്‍ ലഹരി ഹബ്ബായി മാറിയതായി അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. തുടരന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിക്കും. പിടിയിലായ അഞ്ചംഗ സംഘത്തെ കോടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *