അയോധ്യ കേസ്: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ചീഫ്ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുമ്പാകെ വാദം തുടങ്ങും. ജസ്റ്റീസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

കേസ് ഏഴംഗ വിശാല ബെഞ്ചിലേയ്ക്കു വിടേണ്ടെന്ന് കഴിഞ്ഞമാസം 27ന് അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചിരുന്നു. അന്നു ബെഞ്ചില്‍ അംഗങ്ങളായിരുന്ന ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരെ മാറ്റിയാണ് പുതിയ ബഞ്ച് രൂപീകരിച്ചത്. മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് നസീറിന്റെ വിയോജിപ്പോടെയുള്ള ഭൂരിപക്ഷവിധി പ്രകാരമാണ് വിശാല ബഞ്ചിനു വിടേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.

ബാബറി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മേയിലെ അലഹാബാദ് ഹൈക്കോടതി ലക്‌നോ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന 14 ഹര്‍ജികളാണ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പരിഗണിക്കുന്നത്. പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലല്ല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. ബാബറി മസ്ജിദ് വിഷയത്തിലുള്ള സുപ്രധാന കേസും ഇതാണ്.

ഈ കേസില്‍ വാദം നടക്കവേ മുസ്ലിംകള്‍ക്ക് നിസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ലെന്ന പരാമര്‍ശമുള്ള 1994ലെ ഇസ്മയില്‍ ഫാറൂഖി കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വാദങ്ങള്‍ക്കൊടുവില്‍ ഇസ്മയില്‍ ഫാറൂഖി കേസ് പുനപ്പരിശോധിക്കേണ്ടതില്ലെന്ന തീര്‍പ്പിലെത്തിയാണ് കേസ് ഭൂമിതര്‍ക്കം മാത്രമായി പരിഗണിച്ച് വാദം നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *